തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി. എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംഭവം ദൗര്‍ഭാഗ്യകരമാണ്. താന്‍ ഈ പ്രവര്‍ത്തകന്റെ പേര് ആദ്യമായാണ് കേള്‍ക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആനന്ദിന്റെ ആത്മഹത്യയ്ക്കുള്ള കാരണം ഉള്‍പ്പെടെ ബിജെപിയുടെ തിരുവനന്തപുരം ജില്ലാ നേതൃത്വം വിശദമായി അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. (
ബിജെപി പ്രാദേശിക നേതൃത്വത്തിന് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന ഗുരുതര പരാമര്‍ശം ഉള്‍പ്പെടെയാണ് ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പുള്ളത്. ആരോപണങ്ങള്‍ ബിജെപി തിരുവനന്തപുരം ജില്ലാ നേതൃത്വം പൂര്‍ണമായി തള്ളി. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഒരിടത്തും ആനന്ദിന്റെ പേര് ഉയര്‍ന്നു വന്നിരുന്നില്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആനന്ദിനെ തഴഞ്ഞിട്ടില്ലെന്നും ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ പറഞ്ഞു. ജയസാധ്യത മാത്രമായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മാനദണ്ഡം. ബിജെപി പോലൊരു ദേശീയ പാര്‍ട്ടിക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരും പറയില്ല. ആനന്ദ് പാര്‍ട്ടിയുടെ ഒരു ചുമതലയും വഹിച്ചിട്ടില്ലെന്നും കരമന ജയന്‍ കൂട്ടിച്ചേര്‍ത്തു.
തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പിയാണ് മരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. തന്റെ ഭൗതിക ശരീരം പോലും ഒരു ബിജെപിക്കാരനേയും കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
മരിക്കുന്നതിന് തൊട്ടുമുന്‍പ് ആനന്ദ് സുഹൃത്തുക്കള്‍ക്കയച്ച ആത്മഹത്യാ സന്ദേശത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ആലപ്പുറം കുട്ടന്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹക് രാജേഷ്, നിയോജക മണ്ഡലം കമ്മിറ്റി കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് സന്ദേശത്തില്‍ ആരോപിക്കുന്നു. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകാനാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ഥിയാക്കിയതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. തൃക്കണ്ണാപുരത്ത് ആനന്ദ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു. പോസ്റ്ററുകള്‍ വരെ അടിച്ചതിന് ശേഷമാണ് ആത്മഹത്യ.



Be the first to comment