ബിജെപി പ്രവര്ത്തകന് ആനന്ദ് കെ തമ്പിയുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാന് പ്രസിഡന്റ് വി. അനൂപ് എന്നിവര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ബിജെപി നേതാക്കളുടെ പേരെടുത്ത് പറഞ്ഞു കൊണ്ടും നിയമവിരുദ്ധമായ അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പരാമര്‍ശിച്ചുമാണ് ആനന്ദിന്റെ ആത്മഹത്യകുറിപ്പെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.
കടുത്ത മാനസിക സംഘര്‍ഷവും സമ്മര്‍ദ്ദവും അനുഭവിക്കേണ്ടി വന്നതായും സന്ദേശത്തിലുണ്ട്. തന്റെ മൃതദേഹം ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെ കാണാന്‍ പോലും അനുവദിക്കരുതെന്ന് എഴുതിയിരിക്കുന്നു. കുറച്ചുനാള്‍ക്കു മുമ്പ് പ്രമുഖ ബിജെപി നേതാവ് തിരുമല അനില്‍ ആത്മഹത്യ ചെയ്തതിന് പിന്നിലും ബിജെപി നേതൃത്വം നടത്തിയ സാമ്പത്തിക തട്ടിപ്പും ബിജെപി ഭരിച്ച സഹകരണ സംഘത്തില്‍ നടത്തിയ നിയമവിരുദ്ധ പ്രവൃത്തികളുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യകുറിപ്പും ചര്‍ച്ചയായി – സംഘടന ചൂണ്ടിക്കാട്ടി.
മണ്ണ് മാഫിയ,സാമ്പത്തിക കുറ്റവാളികള്‍, ക്രിമിനല്‍ സംഘങ്ങള്‍,അഴിമതിക്കാര്‍ എന്നിവരുടെ കേന്ദ്രമായി തിരുവനന്തപുരം നഗരത്തിലെ ബിജെപി മാറിയതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ബിജെപി നേതൃത്വം അധികാരത്തിന്റെ മറവില്‍ വന്‍തോതില്‍ സാമ്പത്തിക തട്ടിപ്പും അഴിമതിയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുകയാണ്. ഇതില്‍ സഹികെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ഗുരുതര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത് – ഇവര്‍ വ്യക്തമാക്കി.



Be the first to comment