പൊള്ളിച്ച അയക്കൂറയും ചിക്കനും കിട്ടാത്തതിന് ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ബാലുശേരി നന്മണ്ട പതിനാലിലെ ഫോര്‍ട്ടിന്‍സ് ഹോട്ടലാണ് പാര്‍ട്ടിക്കെത്തിയവര്‍ അടിച്ചു തകര്‍ത്തത്. പാര്‍ട്ടി സംഘടിപ്പിച്ചവര്‍ ഈ വിഭവം നല്കാന് പറഞ്ഞിരുന്നില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതോടെയാണ് ജീവനക്കാര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായത്. പിന്നീട് ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു.
ഹോട്ടലില്‍ 40 പേര്‍ക്കാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നത്. ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി അല്ലെങ്കില്‍ മീന്‍കറിയടക്കമുള്ള ഊണ് എന്നിവയായിരുന്നു വിഭവങ്ങള്‍. ആദ്യം 20 പേരുടെ സംഘം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു മടങ്ങി. ഇതിനുശേഷം ബാക്കിയുള്ളവരും ഹോട്ടലിലെത്തി. ഇവരില്‍ ചിലരാണ് ഹോട്ടല്‍ ജീവനക്കാരോട് അയക്കൂറയും ചിക്കനും ആവശ്യപ്പെട്ടത്.
അയക്കൂറ ഇല്ലെന്നും അയല മതിയോ എന്നും ജീവനക്കാര്‍ ചോദിച്ചു. ഇതോടെയാണ് ആവശ്യപ്പെട്ട വിഭവങ്ങള്‍ കിട്ടാത്തതിനാല്‍ സംഘം പ്രകോപിതരായത്. തുടര്‍ന്ന് ഇവര്‍ ബഹളം വയ്ക്കുകയും ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ 10 ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണ വിവരം അറിഞ്ഞെത്തിയ പോലീസിനു നേരെയും സംഘം തട്ടിക്കയറി. നാലുപേരെ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.



Be the first to comment