നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തി യുവാവ്; പിടികൂടാന്‍ ശ്രമിക്കവെ പോലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു, പ്രതിക്കായി തിരച്ചില്‍

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പോലീസുകാരന് പരിക്ക്. യുവാവിനെ പിടികൂടാന്‍ ശ്രമിച്ച ട്രാഫിക് പോലീസുകാരനെ വലിച്ചിഴച്ചാണ് ബൈക്കുമായി യുവാവ് രക്ഷപ്പെട്ടത്.

ബൈക്കിനെ പിന്തുടര്‍ന്ന് പിന്നില്‍ പിടിത്തമിട്ടെങ്കിലും പോലീസുകാരന്റെ ശ്രമം വിഫലമായി. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് സംഭവം. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലുവ പമ്പ് കവലയില്‍ വണ്‍വേ തിരിയുന്ന ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ കെ.പി. സെബാസ്റ്റ്യ (48) നെയാണ് ഹെല്‍മെറ്റ് ധരിച്ചെത്തിയ 20 വയസ്സ് തോന്നിക്കുന്ന യുവാവ് വലിച്ചിഴച്ചത്. പോലീസുകാരന്റെ യൂണിഫോം കീറുകയും ചെയ്തു.

മുന്‍വശത്ത് നമ്പര്‍ പ്ലേറ്റ് കാണാത്തതിനാല്‍ പോലീസുകാരന്‍ ബൈക്കിന് കൈകാണിച്ചു. നിര്‍ത്താതെ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് ബൈക്ക് പോയപ്പോള്‍ തൊട്ടുപിന്നാലെ വന്ന ബൈക്കില്‍ പോലീസുകാരന്‍ ഈ വാഹനത്തെ പിന്തുടര്‍ന്നു. ഈ സമയത്ത് പിന്നിലും നമ്പറില്ലെന്ന് മനസ്സിലായി.

റെയില്‍വേ സ്റ്റേഷനുമുന്‍പില്‍ വെച്ച് നമ്പറില്ലാത്ത വാഹനത്തിന്റെ സീറ്റിന് പിന്നിലെ പൈപ്പില്‍ പോലീസുകാരന്‍ പിടിച്ചെങ്കിലും യുവാവ് നിര്‍ത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസുകാരനെ വലിച്ചിഴച്ച് പിടിവിടുവിച്ച് ബൈക്ക് മുന്നോട്ടുപോയി. റെയില്‍വേ സ്റ്റേഷനിലെ ട്രാഫിക് പോലീസുകാരന്‍ സ്ഥലത്തെത്തിയെങ്കിലും ബൈക്കിനെയും യാത്രക്കാരനെയും പിടികൂടാന്‍ കഴിഞ്ഞില്ല.

Be the first to comment

Leave a Reply

Your email address will not be published.


*