‘ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ ആത്മഹത്യയ്ക്ക് കാരണം വ്യക്തിപരമായ മാനസിക വിഭ്രാന്തി’; അധിക്ഷേപിച്ച് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. വ്യക്തിപരമായ മാനസിക വിഭ്രാന്തിയാണ് ആനന്ദിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. ബിജെപിയിലെ ആത്മഹത്യാ വിവാദങ്ങള്‍ സംഘടനാപരമായി അന്വേഷിക്കും. വിവാദങ്ങള്‍ സംഘടനാപരമായി നേരിടുമെന്നും ബി ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സീറ്റ് കിട്ടാത്തതില്‍ ആത്മഹത്യ ചെയ്യാനാണെങ്കില്‍ താന്‍ 12 തവണ ആത്മഹത്യ ചെയ്യേണ്ടതാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആത്മഹത്യയുടെ വാര്‍ത്ത വന്നതോടെ ബിജെപിക്ക് നേതൃത്വമില്ലെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം പാര്‍ട്ടി ആദ്യം നന്നാക്കാന്‍ നോക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്വന്തം കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ പറ്റാത്ത കെ മുരളീധരനാണ് ബിജെപിയെ കുറ്റപ്പെടുത്തുന്നതെന്നും ഗോപാലകൃഷ്ണന്‍ തിരിച്ചടിച്ചു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍ മൂലം ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തതിന്റേയും ശാലിനി എന്ന ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റേയും പശ്ചാത്തലത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണങ്ങള്‍.

അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ സങ്കടമുണ്ടെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപി പ്രാദേശിക നേതൃത്വത്തിന് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന ഗുരുതര പരാമര്‍ശം ഉള്‍പ്പെടെയാണ് ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പുള്ളത്. തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ആലപ്പുറം കുട്ടന്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹക് രാജേഷ്, നിയോജക മണ്ഡലം കമ്മിറ്റി കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് സന്ദേശത്തില്‍ ആരോപിച്ചിരുന്നു. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകാനാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ഥിയാക്കിയതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. തൃക്കണ്ണാപുരത്ത് ആനന്ദ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു. പോസ്റ്ററുകള്‍ വരെ അടിച്ചതിന് ശേഷമായിരുന്നു ആത്മഹത്യ.

Be the first to comment

Leave a Reply

Your email address will not be published.


*