തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിക്കെതിരെ ട്രെയിനിൽ വെച്ച് ഉണ്ടായ ആക്രമണം പുനരാവിഷ്കരിച്ച് റെയിൽവേ പോലീസ്. പ്രതിയെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ കേരള എക്സ്പ്രസ്സിന്റെ അതേ കോച്ചിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. യാതൊരു പ്രകോപനവും ഇല്ലാതെ വാതിൽ പടിയിലിരുന്ന പെൺകുട്ടിയെയും സുഹൃത്തിനെയും ചവിട്ടി താഴെക്ക് ഇട്ടെന്ന് പ്രതി പോലീസിനോട് വിശദീകരിച്ചു.
ട്രെയിനിൽ കയറുന്നതിന് മുൻപ് പ്രതി മദ്യപിച്ച കോട്ടയത്തെ ബാറിൽ എത്തിച്ചും അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാല് ദിവസത്തേക്കാണ് പ്രതിയെ റെയിൽവേ പോലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. നാളെ കസ്റ്റഡി കാലാവധി പൂർത്തിയാകാൻ ഇരിക്കെ പ്രതിയുമായി പരമാവധി വിവരശേഖരണം നടത്തുകയാണ് പോലീസ്. ഉടൻതന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനും നീക്കമുണ്ട്.
അതേസമയം, സംഭവത്തിലെ പ്രധാന സാക്ഷിയായ ഇതര സംസ്ഥാന തൊഴിലാളിയെയും അന്വേഷണസംഘം കണ്ടെത്തി. പ്രതിയെ കീഴ്പ്പെടുത്തുകയും പെൺകുട്ടിയുടെ സുഹൃത്തിനെ രക്ഷിക്കുകയും ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയെ അന്വേഷിച്ച് പോലീസ് മുൻപ് പരസ്യം നൽകിയിരുന്നു. കേസ് അന്വേഷണത്തിൽ സാക്ഷിയായി ഇതര സംസ്ഥാന തൊഴിലാളിയുടെ മൊഴിയും നിർണായകമാകും.



Be the first to comment