അടുത്ത നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശ്കതമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരളത്തിന്റെ തെക്കന്‍ തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും നിലവിലുണ്ട്. ഇന്ന് രാത്രി 08.30 വരെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) തീരങ്ങളില്‍ 0.9 മുതല്‍ 1.1 മീറ്റര്‍ വരെയും; കന്യാകുമാരി ജില്ലയിലെ (നീരോടി മുതല്‍ ആരോക്യപുരം വരെ) തീരങ്ങളില്‍ വൈകുന്നേരം 05.30 വരെ 1.3 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യമാണ് മഴയ്ക്ക് കാരണമാകുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപമാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അറബിക്കടലില്‍ തെക്കന്‍ കേരളത്തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.



Be the first to comment