ശബരിമല സ്വര്‍ണക്കൊള്ള; എസ്ഐടി സന്നിധാനത്ത്, സാംപിള്‍ ശേഖരണവും പരിശോധനയും ഇന്ന് ഉച്ചയക്ക് നട അടച്ച ശേഷം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി ) സന്നിധാനത്തെത്തി. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള വിദഗ്ധ പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന് നടക്കും. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വര്‍ണ പാളികളുടെയും ചെമ്പ് പാളികളുടെയും സാംപിളുകള്‍ ശേഖരിക്കും.

അന്വേഷണ സംഘത്തിലെ എസ് പി എസ്. ശശിധരനും സംഘവും ഇന്നലെ തന്നെ സന്നിധാനത്തെത്തിയിരുന്നു.സന്നിധാനത്തെ ശ്രീകോവിലിലെ ദ്വാരപാലക പാളിയുടെയും കട്ടിളപ്പാളിയുടെയും ശാസ്ത്രീയ പരിശോധന നടത്തണമെന്ന് എസ്‌ഐടിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് സാമ്പിള്‍ ശേഖരിച്ച്‌ ശാസ്ത്രീയ പരിശോധന നടത്താൻ സംഘം തീരുമാനിച്ചത്. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം എന്നിവയിൽ പൂശിയ സ്വര്‍ണത്തിന്‍റെയും ചെമ്പിന്‍റെയും സാംപിളുകള്‍ ശേഖരിക്കും. 1998 ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് നിന്നും സാംപിളുകള്‍ ശേഖരിക്കും. നഷ്ടപ്പെട്ട സ്വര്‍ണത്തിന്‍റെ അളവും ഗുണവും ശാസ്ത്രീയമായി പരിശോധിക്കും. ചെമ്പു പാളികള്‍ മാറ്റിവച്ചോ എന്നതുൾപ്പെടെ കണ്ടെത്താല്‍ ചെമ്പു പാളികളിലും ശാസ്ത്രീയ പരിശോധനയും നടത്തും. ഉച്ചയ്ക്ക് ഒരുമണിക്ക് നട അടച്ചശേഷമാകും തന്ത്രിയുടെ അനുമതിയോടെ സാംപിള്‍ ശേഖരണം നടക്കുക. സ്വര്‍ണപ്പാളികളിലെ ശാസ്ത്രീയ പരിശോധന അന്വേഷണത്തില്‍ നിർണായക വഴിത്തിരിവാകും.

അതേസമയം, വൃശ്‌ചിക മാസം ആരംഭിച്ചതോടെ പതിനായിരക്കണക്കിനു ഭക്തരാണ് ദര്‍ശനത്തിനായി ഇന്നു പുലര്‍ച്ചെ സന്നിധാനത്ത് എത്തിയത്. പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറന്നതോടെയാണ് തീർഥാടനം മണ്ഡലകാല തീര്‍ഥാടനത്തിന് തുടക്കമായത്. ഇനി മുതല്‍ തീര്‍ഥാടനകാലം അവസനാക്കുന്നത് വരെ ദിവസവും പുലർച്ച മൂന്ന്​ മുതൽ ഉച്ചക്ക് ഒന്നുവരെയും വൈകിട്ട്​ മൂന്ന്​ മുതൽ രാത്രി 11 വരെയുമായിരിക്കും ദർശനം. ഡിസംബർ 27 നാണ്​ മണ്ഡലപൂജ. തുടർന്ന്​ രാത്രി 10ന് നട അടക്കും. മകരവിളക്കിനായി ഡിസംബർ 30ന്​ വൈകിട്ട് അഞ്ചിന്​ നട തുറക്കും. ജനുവരി 14നാണ്​ മകരവിളക്ക്. തീർഥാടനത്തിന്​ സമാപനം കുറിച്ച് ജനുവരി 20ന് നട അടക്കും.

പ്രതിദിനം 70,000 പേർക്ക് ഓൺലൈനിൽ ബുക്ക് ചെയ്യാനാകും. ഡിസംബർ 2 വരെ വെർച്യുൽ ക്യൂ ബുക്കിങ്ങിൽ ഒഴിവില്ല. 20,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴി ദർശനം നടത്താം. ഒരു ദിവസം 90,000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. പമ്പയിൽ ഒരേ സമയം 10,000 പേർക്ക് വിശ്രമിക്കാനാകുന്ന പത്ത് നടപ്പന്തലുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ പ്രസിഡൻ്റായി മുൻ ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാർ ഇന്നലെ സത്യ പ്രതിജ്ഞ ചെയ്‌തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*