ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടിയുടെ നിർണായക പരിശോധന

ശബരിമല സ്വർണകൊള്ളയിൽ സന്നിധാനത്ത് എസ്ഐടിയുടെ നിർണായക പരിശോധന. ദ്വാരപാലക ശിൽപ്പത്തിലേയും കട്ടിളപ്പാളിയിലേയും സ്വർണപാളികൾ ഇളക്കിയാണ് പരിശോധന. ഇവിടുന്ന് ശേഖരിക്കുന്ന സാമ്പിളുകൾ ശാസ്ത്രീയ പരിശോധന നടത്തും.പരിശോധന പൂർണമായും വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്. ഹെെക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.

ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുടെ സൈഡ് പില്ലർ പാളികളുടെ തൂക്കം, 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തെ സ്വർണത്തിന്റെ സാമ്പിളുകൾ, മറ്റിടങ്ങളിലെ സാമ്പിളുകൾ, ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളകളിലെയും ചെമ്പുപാളികളുടെ സാമ്പിളുകൾ തുടങ്ങിയവ സംഘം ശേഖരിക്കും.

അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. പത്മകുമാറിനെതിരെ കൂടുതൽ മൊഴികൾ എസ്ഐടിക്ക് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ പത്മകുമാർ നിർബന്ധിച്ചിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. ശബരിമല ഗസ്റ്റ് ഹൗസുകളിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നിലധികം മുറികൾ നൽകിയിരുന്നുവെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി.

പോറ്റി ഉപയോഗിച്ചിരുന്നത് പ്രസിഡണ്ടിന് അനുവദിച്ചിരുന്ന മുറിയായിരുന്നു. പൂജകൾ ബുക്ക് ചെയ്യുമ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു എന്ന് 2019 ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ മൊഴി നൽകി. സന്നിധാനത്ത് നട അടച്ചിടുന്ന സമയത്ത് പോലും ഉണ്ണികൃഷ്ണൻ പോറ്റി എത്തിയെന്നും ശബരിമലയിലെ ഉദ്യോഗസ്ഥർ മൊഴി നൽകി.

അതിനിടെ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിലേക്ക് തീർത്ഥാടകരുടെ ഒഴുക്കാണ്. മണിക്കൂറുകൾ കാത്തുനിന്നാണ് ഇന്നലെ ഭക്തർ ദർശനം നടത്തി മടങ്ങിയത്.

Be the first to comment

Leave a Reply

Your email address will not be published.


*