നിര്‍മ്മാണ തൊഴിലാളിയെ വര്‍ക്കല എസ്.ഐ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ . മര്‍ദനമേറ്റ കൊല്ലം ചാത്തന്നൂര്‍ സ്വദേശി സുരേഷിന് ഒരു ലക്ഷം രൂപ നല്‍കണം എന്നാണ് നിര്‍ദേശം. തുക സുരേഷിനെ മര്‍ദിച്ച എസ്‌ഐ പി ആര്‍ രാഹുലിന്റെ ശമ്പളത്തില്‍ നിന്നും ഈടാക്കാമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
രണ്ട് മാസത്തിനകം സുരേഷിന് നഷ്ടപരിഹാരത്തുക അനുവദിക്കണം. ഈ സമയപരിധി പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ 8 ശതമാനം പലിശ നല്‍കണം. ഉത്തരവ് നടപ്പാക്കി 2 മാസത്തിനകം ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം, കൊല്ലം ജില്ലാ പോലീസ് മേധാവി എന്നിവര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം പരാതിക്കാരന്റെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.
2022 ഓഗസ്റ്റ് 30 ന് ആയിരുന്നു പരാതിക്ക് കാരണമായ സംഭവം അരങ്ങേറിയത്. പാലച്ചിറ സൗപര്‍ണികയില്‍ സുരേഷിന്റെ വീട്ടില്‍ മതില്‍ നിര്‍മ്മാണ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അതിക്രമം ഉണ്ടായത്. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് അടിവയറ്റില്‍ വേദനയും മൂത്രതടസവുമുണ്ടായി. കൊല്ലം മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയത്. വര്‍ക്കല എസ്.ഐ ജയരാജ്, ജീപ്പ് ഡ്രൈവര്‍ എസ്.ജെസീന്‍ എന്നിവര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാനായില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്ടെത്തിലിനോട് യോജിച്ച കമ്മീഷന്‍ ഇവരെ ഒഴിവാക്കി.
സുരേഷിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത് വൈകിട്ട് 3.30നാണ്. 6 മണിക്ക് വിട്ടയച്ചു എന്ന വാദം തെറ്റാണ്. 9.30നാണ് വിട്ടയച്ചത്. സുരേഷ് നേരേ പോയത് ആശുപത്രിയിലേക്കാണ്. 5 മുതല്‍ 6 മണിക്കൂര്‍ വരെ സുരേഷിനെ നിസാര കുറ്റത്തിന് സ്റ്റേഷനില്‍ പിടിച്ചിരുത്തിയെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചുമെന്നുമുള്ള വാദങ്ങള്‍ സ്ഥിരീകരിക്കാന്‍ പര്യാപ്തമാണെന്ന് ഉത്തരവില്‍ പറഞ്ഞു. ബലപ്രയോഗത്തിലുടെ പരാതിക്കാരനെ ജീപ്പില്‍ കയറ്റിയപ്പോഴുണ്ടായ മുറിവുകളാണ് വൂണ്ട് സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തിയതെന്ന എസ്.ഐ യുടെ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. അങ്ങനെ സംഭവിച്ചെങ്കില്‍ വര്‍ക്കല സ്റ്റേഷനിലെത്തിക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനക്ക് വിധേയമാക്കണമായിരുന്നു. സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ മര്‍ദ്ദനമേറ്റയാളുടെ പേരുപോലും രേഖപ്പെടുത്തിയിട്ടില്ല. കരമണ്ണ് ഖനനം ചെയ്തതു കൊണ്ടാണ് സുരേഷിനെ അറസ്റ്റ് ചെയ്തതതെന്നാണ് എസ് ഐ യുടെ വാദമെങ്കിലും വാഹനം പിടിച്ചെടുത്തിട്ടില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കുറ്റം മാത്രമാണ് മര്‍ദ്ദനമേറ്റയാളുടെ പേരില്‍ ചുമത്തിയിട്ടുള്ളതെന്ന് ഉത്തരവില്‍ പറഞ്ഞു.
സംഭവത്തില്‍ എസ്‌ഐക്കെതിരെ അന്വേഷണം നടക്കുകയാണെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് കമ്മീഷന്‍ പരിഗണിച്ചു. സുരഷിന് ദേഹോപദ്രവം ഏറ്റതായി ഐ.ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലും കമ്മീഷന്‍ ഉത്തരവില്‍ പരാമര്‍ശിച്ചു.



Be the first to comment