‘ബിഎൽഒ അനീഷിനെ സിപിഐഎം ഭീഷണിപ്പെടുത്തി’ ശബ്ദസന്ദേശം പുറത്തുവിട്ട് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്‌

കണ്ണൂർ കാങ്കോൽ ഏറ്റുകുടുക്കയിൽ BLO അനീഷ് ജോർജ് ജീവനൊടുക്കിയത് സിപിഐഎം ഭീഷണിയെ തുടർന്നെന്ന് ശബ്ദസംഭാഷണങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് ആരോപണം. കോൺഗ്രസിന്റെ ബൂത്ത് ലെവൽ ഏജന്റ് വൈശാഖും അനീഷ് ജോർജും തമ്മിലുള്ള ശബ്ദസംഭാഷണമാണ് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പുറത്തുവിട്ടത്. തനിക്ക് സമ്മർദമുണ്ടെന്ന് ഈ സംഭാഷണത്തിൽ അനീഷ് ജോർജ് സഹ ബിഎൽഒ വൈശാഖിനോട് പറയുന്നുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജന്റുമാർക്ക് പകരം സിപിഐഎം ബ്രാഞ്ച്  സെക്രട്ടറിയാണ് ഫോം വിതരണത്തിനായി അനീഷിനൊപ്പം പോയതെന്ന് DCC പ്രസിഡന്റ് ആരോപിച്ചു.

സിപിഎം അതിപ്രസരം ഉള്ള പഞ്ചായത്ത്‌ ആണത്. അവിടെ ഒരു പഞ്ചായത്ത് മെമ്പർ പോലും കോൺഗ്രസിനില്ല. അവിടെ സിപിഎം BLO മാരെ നിയന്ത്രിച്ച് കള്ളവോട്ട് ചെയ്യാറുണ്ട്. അതിന് സാഹചര്യം ഒരുക്കാൻ ബിഎൽഒ അനീഷ് ജോർജിനെ അവർ ഭീഷണിപ്പെടുത്തി സമ്മർദം നൽകുകയായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ചന്ദ്രൻ അനീഷിന് ഒപ്പം വീടുകളിൽ ഫോം നൽകാൻ പോയിരുന്നു. രണ്ടാം ദിവസം ഡിവൈഎഫ്ഐ നേതാവ് പ്രജോദ് ഒപ്പം പോയി മാർട്ടിൻ ജോർജ് പറഞ്ഞു.

അതേസമയം, SIR- എന്യൂമറേഷൻ ഫോമുകളിൽ 22% ജോലി മാത്രമായിരുന്നു അനീഷിന് തീർക്കാനുണ്ടായതെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ടിലുള്ളത്. ഇന്നലെ രാവിലെ ബൂത്ത് ലെവൽ സൂപ്പർവൈസർ, അനീഷ് ജോർജിനെ ഫോണിൽ ബന്ധപ്പെടുകയും സഹായം ആവശ്യമുണ്ടോയെന്ന് ചോദിച്ചിരുന്നു. എന്നാൽ ഇനി 50 ഫോമുകൾ മാത്രമേ വിതരണം ചെയ്യാൻ ബാക്കിയുള്ളൂ എന്നും അത് തനിച്ച് ചെയ്തോളാമെന്നുമായിരുന്നു മറുപടി. ജോലിയുമായി ബന്ധപ്പെട്ട് സമ്മർദം ഉണ്ടായിരുന്നില്ലെന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കളക്ടറുടെ വാദം അനീഷിന്റെ കുടുംബം തള്ളി.കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിൽപ്പെട്ട ഏറ്റുകുടുക്കയിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം ഉച്ചതിരിഞ്ഞ് ലൂർദ്മാതാ മലങ്കര കത്തോലിക്കാ പള്ളിയിലാണ് അനീഷ് ജോർജിന്റെ മൃതദേഹം സംസ്കരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*