‘വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവും’; ആരോപണങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നുവെന്ന് ഷെയ്ഖ് ഹസീന

തനിക്ക് വധശിക്ഷ നൽകിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതികരിച്ചു. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചത്. കുറ്റാരോപണങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നതായും വിചാരണ മുൻകൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേർത്തു.

കോടതിയിൽ സ്വയം പ്രതിരോധിക്കാൻ ന്യായമായ അവസരം ലഭിച്ചില്ലെന്നും ഇഷ്ടമുള്ള അഭിഭാഷകരെവെച്ച് വാദിക്കാൻ പോലും സാധിച്ചില്ലെന്നും അവർ പറഞ്ഞു. ലോകത്തിലെ ഒരു യഥാർഥ നിയമജ്ഞനും ബംഗ്ലാദേശ് ഐസിടിയെ അംഗീകരിക്കില്ലെന്നും വിധി തള്ളിക്കളഞ്ഞുകൊണ്ട് ഹസീന പറഞ്ഞു.ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ് ഭരണഘടനാ വിരുദ്ധമായും ഭീകരവാദ ശക്തികളുടെ പിന്തുണയോടെയും അധികാരം പിടിച്ചെടുത്തുവെന്നും അവർ പറ‍ഞ്ഞു.

യൂനിസിന്റെ ഭരണത്തിൻ കീഴിൽ വിദ്യാർഥികൾ, വസ്ത്രനിർമ്മാണ തൊഴിലാളികൾ, ഡോക്ടർമാർ, അധ്യാപകർ എന്നിവരുടെ പ്രതിഷേധങ്ങളെ ക്രൂരമായ രീതിയിൽ അടിച്ചമർത്തി. സമാധാനപരമായി പ്രകടനം നടത്തിയവരെ വെടിവെച്ച് കൊന്നുവെന്നും മാധ്യമപ്രവർത്തകർ പീഡനവും ഉപദ്രവവും നേരിട്ടുവെന്നും അവർ ആരോപിച്ചു.

നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര വേദിയിൽ വിചാരണ നേരിടാൻ തയ്യാറാണെന്ന് ഹസീന ആവർത്തിച്ചു. തെളിവുകൾ ന്യായമായി വിലയിരുത്താനും പരിശോധിക്കാനും കഴിയുന്ന ഒരു ശരിയായ ട്രിബ്യൂണലിൽ ആരോപകരെ നേരിടാൻ തനിക്ക് ഭയമില്ലെന്ന് അവർ വ്യക്തമാക്കി.

കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.

വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. വിദ്യാർഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേർക്കും എതിരായ കുറ്റം. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളിൽ വിചാരണ നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*