ശബരിമല ദർശനത്തിന് വൻ തിരക്ക്. ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് മണിക്കൂറുകൾ നീളുന്നു. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും.
സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് തീർത്ഥാടകാരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാർ ദർശനം നടത്തിയത്. ദിനംപ്രതി 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഇന്നലെ മുതൽ ഭക്തരെ കടത്തി വിടുന്നുണ്ട്. ആകെ പതിനെട്ടു മണിക്കൂർ ആണ് ശബരിമലയിൽ ദർശന സമയം.
മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നവംബർ 16 ന് നട തുറന്ന ശേഷം ഇതുവരെ 1,36,000 ത്തിൽ അധികം പേർ ദർശനം നടത്തിയതായി എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. സന്നിധാനത്തെ പോലിസ് ക്രമീകരണങ്ങൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ദിനം മാത്രം 55,000 ഓളം പേരാണ് ദർശനത്തിന് എത്തിയത്. തീർഥാടനകാലത്തേക്കായി 18,000 പോലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക.
നിലവിൽ 3500 ഉ ദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ തീർഥാടനത്തിനായി പോലിസ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തീർഥാടകർ നിർദേ ശങ്ങൾ പാലിച്ച് ദർശനം നടത്തി മടങ്ങണം.
വിർച്ച്യൽ ക്യൂ ബുക്കിംഗിലൂടെയുള്ള 70,000 പേരേയും സ്പോട്ട് ബുക്കിംഗിലൂടെയുള്ള 20,000 പേരേയും ഉൾപ്പടെ പരമാവധി 90,000 തീർഥാടകർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുക. എല്ലാവർക്കും സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിനായി വിർച്യൽ ക്യൂ പാസ് അനുവദിച്ചിട്ടുള്ള ദിവസം തന്നെ ദർശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.



Be the first to comment