മണ്ഡല മകരവിളക്ക് തീർഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായ യാത്ര ഉറപ്പാക്കി കെഎസ്ആർടിസി സർവീസുകൾ

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായ യാത്ര ഉറപ്പാക്കി കെഎസ്ആർടിസി സർവീസുകൾ. തീർഥാടകർക്ക് ഏറെ ആശ്വാസകരമാകുന്ന രീതിയിലാണ് കെഎസ്ആർടിസി ഈ വർഷം സർവീസുകൾ ഒരുക്കിയിട്ടുള്ളത്.

ആദ്യഘട്ടത്തിൽ 450 ബസുകളാണ് സർവീസിനായി കെഎസ്ആർടിസി നിയോഗിച്ചിട്ടുള്ളത്. ഇതിൽ നിലവിൽ 202 ബസുകൾ ചെയിൻ സർവീസിനായി പമ്പയിൽ എത്തിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫിസർ റോയി ജേക്കബ് അറിയിച്ചു. ഭക്തരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് കൂടുതൽ ബസുകൾ സർവീസിനായി ഉപയോഗിക്കും.

നിലയ്ക്കൽ – പമ്പ ചെയിൻ സർവീസ്: ഭക്തരുടെ തിരക്കനുസരിച്ച് ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം ചെയിൻ സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ലോ ഫ്ലോർ എസി, ലോ ഫ്ലോർ നോൺ എസി ബസുകൾ ഉൾപ്പെടെയാണ് ഈ സർവീസ് നടത്തുന്നത്.

ദീർഘദൂര സർവീസുകൾ: വിവിധ ഡിപ്പോകളിൽ നിന്നായി 248 ദീർഘദൂര സർവീസുകളും പമ്പയിലേക്ക് നടത്തുന്നുണ്ട്.

പ്രധാന കേന്ദ്രങ്ങളിലെ സർവീസുകൾ: തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസുകൾ ലഭ്യമാണ്.

റെയിൽവേ സ്റ്റേഷൻ കണക്റ്റിവിറ്റി: ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന തീർഥാടകരെ പമ്പയിൽ എത്തിക്കുന്നതിനും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

നിലയ്ക്കൽ-പമ്പ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും കെഎസ്ആർടിസി നിയോഗിച്ചിട്ടുണ്ട്. കൂടാതെ, പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർക്ക് വേണ്ടത്ര വിശ്രമം ഉറപ്പുവരുത്താൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

യാത്ര സഹായ കേന്ദ്രങ്ങളും ബുക്കിങ്ങും

ഹെൽപ്പ് ഡെസ്കുകൾ: പമ്പ, നിലയ്ക്കൽ സ്റ്റേഷനുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന യാത്രാ സഹായ കേന്ദ്രങ്ങൾ (ഹെൽപ്പ് ഡെസ്കുകൾ) സജ്ജീകരിച്ചിട്ടുണ്ട്.

ബഹുഭാഷാ സഹായം: തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിയുന്ന ജീവനക്കാരെ ഇവിടെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യൻ തീർഥാടകർക്ക് വലിയ സഹായമാണ്.

പ്രത്യേക പരിഗണന: പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ബസുകളിൽ കയറാനും ഇറങ്ങാനുമുള്ള സഹായങ്ങൾ ഈ കേന്ദ്രങ്ങൾ വഴി ലഭ്യമാക്കുന്നുണ്ട്.

ടിക്കറ്റ് ബുക്കിങ് സംവിധാനം

ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള എല്ലാ ബസുകളിലും ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൗകര്യം ലഭ്യമാണ്. തിരക്ക് ഒഴിവാക്കാനും യാത്രാ സമയം ഉറപ്പുവരുത്താനും ഇത് തീർഥാടകരെ സഹായിക്കുന്നു. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകളിലെ ടിക്കറ്റുകൾ നിലയ്ക്കലിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക കൗണ്ടറുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും വിതരണം ചെയ്യുന്നുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി ടിക്കറ്റുകൾ നേരിട്ട് ലഭ്യമാക്കാനുള്ള ഈ നടപടിക്ക് തീർഥാടകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

സാങ്കേതിക, സുരക്ഷാ ക്രമീകരണങ്ങൾ

അറ്റകുറ്റപ്പണി സൗകര്യങ്ങൾ: പമ്പ സ്റ്റാൻഡിൽ ബസുകളുടെ അറ്റകുറ്റപ്പണികൾക്കായി മെക്കാനിക് ഗാരേജ് പ്രവർത്തിക്കുന്നുണ്ട്. തീർഥാടന കാലയളവിൽ ബസുകൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കുന്നതിനായി പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വർക്ക്‌ഷോപ്പുകളിൽ സ്പെയർ പാർട്‌സുകളുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ മെക്കാനിക്കൽ വിഭാഗം സർവീസുകൾ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

സഞ്ചരിക്കുന്ന വർക്ക്‌ഷോപ്പ്: പമ്പ, നിലയ്ക്കൽ, പ്ലാപ്പള്ളി, പെരുനാട് എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന വർക്ക്‌ഷോപ്പ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

ആംബുലൻസ്: പമ്പയിൽ കെഎസ്ആർടിസി ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷാ നിർദേശങ്ങൾ

കെഎസ്ആർടിസി ബസുകളുടെ ഡ്രൈവർമാർക്ക് ശബരിമലയിലെ മലമ്പാതകളിലൂടെയുള്ള യാത്രയിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് കർശനമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

പ്രത്യേക പരിശീലനം: കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുരിച്ച് യാത്രയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

പരിശോധന: മഴക്കാലം കണക്കിലെടുത്ത് ബസുകളുടെ ടയറുകൾ, ബ്രേക്ക് സംവിധാനങ്ങൾ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നു.

ഫയർ ആൻഡ് സേഫ്റ്റി: ബസുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫയർ ആൻഡ് സേഫ്റ്റി ഉപകരണങ്ങളുടെ ലഭ്യതയും ജീവനക്കാർക്ക് ഇത് സംബന്ധിച്ച പരിശീലനവും നൽകിയിട്ടുണ്ട്.

മകരവിളക്ക് സമയത്തെ സർവീസുകൾ

തീർഥാടനത്തിന്റെ അവസാന ഘട്ടത്തിൽ, മകരവിളക്ക് സമയത്ത്, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് കൂടുതൽ ദീർഘദൂര അന്തർസംസ്ഥാന സർവീസുകൾ കെഎസ്ആർടിസി ഒരുക്കും. ഈ സർവീസുകളുടെ കൃത്യമായ ഷെഡ്യൂളുകൾ അതത് സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പുകളുമായി ഏകോപിപ്പിച്ചതിന് ശേഷം ഉടൻ പ്രഖ്യാപിക്കുന്നതായിരിക്കും.

കൺട്രോൾ റൂമുകൾ

യാത്രാ സംബന്ധമായ വിവരങ്ങൾ ഭക്തർക്ക് തത്സമയം ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി ഫേസ്ബുക്ക് പേജ് വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിവരങ്ങൾ നൽകുന്നുണ്ട്. യാത്രക്കാർക്ക് അവരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരാതികൾ അറിയിക്കുന്നതിനുമായി പ്രത്യേക കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

പമ്പ കെഎസ്ആർടിസി ഫോൺ നമ്പർ: 9497024092

നിലയ്ക്കൽ കെഎസ്ആർടിസി കൺട്രോൾ റൂം ഫോൺ നമ്പർ: 9446985440

Be the first to comment

Leave a Reply

Your email address will not be published.


*