കേരളത്തിന്റെ IQ Man എന്നറിയപ്പെടുന്ന കൊല്ലം,കുണ്ടറ സ്വദേശി അജി ആറിന് ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ്. വെറും നാല് നിമിഷം കൊണ്ട് ഏറ്റവും നീളമുള്ള നമ്പർ ശ്രേണി ഓർത്തെടുത്തു പറഞ്ഞാണ് അജി റെക്കോർഡ് നേട്ടം കൈവരിച്ചത്. നാല് നിമിഷം കൊണ്ട് സ്‌ക്രീനിൽ ഉണ്ടായിരുന്ന 48 നമ്പറുകൾ ആണ് അജി ഓർത്തു പറഞ്ഞത്. ഒരു മനുഷ്യന് അസാധ്യം എന്ന് കരുതിയിരുന്ന കാര്യമാണ് ഇതിലൂടെ അജി ലോകത്തിനു മുന്നിൽ കാണിച്ചു തന്നത്. വിദേശത്തുള്ള കുട്ടികളുമായി സംവദിക്കുവാനും തന്റെ കഴിവുകളെ അവർക്ക് പകർന്നു നൽകുവാനുമായി പുറപ്പെട്ട ഒരു വിമാനയാത്രക്കിടയിൽ ആണ് തനിക്കു ഗിന്നസ് റെക്കോർഡ് ലഭിച്ച ഔദ്യോഗിക വിവരം അജി അറിഞ്ഞത്. ക്യാപ്റ്റനും, ക്യാബിൻ ക്രൂ അംഗങ്ങളും സഹ യാത്രികരും ചേർന്ന് ആകാശത്തു വെച്ചാണ് ആദ്യ ആദരവ് നൽകിയത്. ഷാർജയിൽ നടന്ന പുസ്തകോത്സവത്തിൽ വെച്ച് അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ് അജി ഏറ്റു വാങ്ങിയിരുന്നു. ഇരട്ടി മധുരം ആയാണ് അതിനൊപ്പം ഗിന്നസ് ലോക റെക്കോർഡും അജിയിലേക്ക് എത്തിച്ചേർന്നത്.
അജി ഇതിനോടകം 33 പിഎസ്‌സി പരീക്ഷകൾ വിജയിക്കുകയും, 2 തവണ യുപിഎസ്‌സി മെയിൻ പാസ്സാവുകയും, അതോടൊപ്പം തന്നെ ഇന്റലിജൻസ് ബ്യുറോ, ബാങ്ക് പരീക്ഷകളുടെ ഫൈനൽ ലിസ്റ്റിൽ വരുകയും ചെയ്തിട്ടുള്ള അജി വനം വകുപ്പാണ് തിരഞ്ഞെടുത്തത്. വിദ്യാർത്ഥികളുടെ ഗണിത ശാസ്ത്ര കഴിവുകളും ഓർമ്മ ശക്തി വർധിപ്പിക്കാനുള്ള കഴിവും വികസിപ്പിക്കുന്നതിനായി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് അജി. ന്യൂറോ റിസേർച്ചിനായുള്ള വിദേശത്തു നിന്നും ലഭിച്ച വിവിധ ഓഫറുകൾ നിരസിച്ച അജി, ബാംഗ്ലൂർ നിംഹാൻസിനൊപ്പം ചേർന്ന് റിസർച് ചെയ്യാനുള്ള അവസരമാണ് തിരഞ്ഞെടുത്തത്.
30 നമ്പറുകൾ നാല് സെക്കന്റ് കൊണ്ട് ഓർത്തു പറഞ്ഞ പാകിസ്ഥാൻ സ്വദേശിയുടെ ഗിന്നസ് റെക്കോർഡ് ആണ് അജി തകർത്തത്. ലോറി ഡ്രൈവർ ആയ അച്ഛന്റെയും തൊഴിലുറപ്പ് ജോലിക്കാരിയായ അമ്മയുടെയും രണ്ടാമത്തെ മകനായ അജി, ചെറുപ്പം മുതൽ തന്നെ ഗണിത ശാസ്ത്ര കഴിവുകൾ വികസിപ്പിക്കാനും ഓർമ്മ ശ്കതി വികസിപ്പിക്കാനുമുള്ള വഴികൾ കണ്ടെത്തിയിരുന്നു. Inteligent Quations Education Design അഥവാ IQED എന്ന ആശയം ഉപയോഗിച്ച് അദ്ദേഹം ലോകത്തിന് ഗണിത ശാസ്ത്ര സംബന്ധിയായ ഒരുപാട് പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഒട്ടേറെ വർഷത്തെ കഠിനമായ പരിശ്രമം കൊണ്ടാണ് അദ്ദേഹം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്. സ്‌ക്രീനിൽ തെളിയുന്ന നമ്പറുകൾ നിമിഷങ്ങൾ കൊണ്ട് ഓർത്തെടുത്ത്, അത് മുന്നോട്ടും പിന്നോട്ടും പറയാൻ അജിക്ക് സാധിക്കും.
കേരളത്തിനും ഇന്ത്യക്കും അഭിമാനമായി മാറിയിരിക്കുകയാണ് ഇതിലൂടെ അജി ആർ എന്ന ഫോട്ടോഗ്രാഫിക് മെമ്മറി ഉള്ള ഈ അതുല്യ പ്രതിഭ. ഗിന്നസ് ലോക റെക്കോർഡ്, അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ അജി സ്വന്തമാക്കിയിട്ടുണ്ട്. വനം വകുപ്പിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആയി ജോലി നോക്കുന്ന അദ്ദേഹം, ഇപ്പോൾ കുട്ടികൾക്ക് തന്റെ ഈ വിദ്യ പകർന്നു കൊടുക്കുന്നതിനായി അഞ്ചു വർഷത്തേക്ക് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ലോകം മുഴുവൻ ഈ മലയാളിയുടെ പ്രതിഭയെ ആഘോഷിക്കും എന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും അഭ്യുദയകാംക്ഷികളും.



Be the first to comment