ബിജെപി പ്രവർത്തകരുടെ വിയർപ്പിന്‍റെ വില; ബിഹാർ തെരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ ചർച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി ഇരുപത്തിനാല് മണിക്കൂറും പ്രതിജ്ഞാബദ്ധരായതിനാലാണ് ബിജെപി ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ എല്ലാ സംസ്ഥാന സർക്കാരുകൾക്കും വ്യക്തമായ മറുപടി കിട്ടിയിട്ടുണ്ടെന്നും മോദി പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ രാംനാഥ് ഗോയങ്ക പ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

പാർട്ടികളുടെ വികസന നയങ്ങളാണ് അവയുടെ ഭാവി നിർണയിക്കുന്നത്. അത് ഇടത്, വലത് എത് പാർട്ടികളായാലും അങ്ങനെതന്നെയാണ്. ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യയിലെ ജനങ്ങളുടെ ഉയർന്ന അഭിലാഷങ്ങളെക്കുറിച്ചുള്ള പാഠങ്ങളാണ് പഠിപ്പിക്കുന്നത്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന, വികസനത്തിന് മുൻഗണന നൽകുന്ന രാഷ്‌ട്രീയ പാർട്ടികളെയാണ് ഇന്ന് ഇന്ത്യയിലെ ജനങ്ങൾ വിശ്വസിക്കുന്നത്.

കേരളം, ബംഗാൾ, ജമ്മു കശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് ബിജെപി പ്രവർത്തകർ തങ്ങളുടെ വിയർപ്പ് കൊണ്ട് പാർട്ടിയെ വളർത്തിയിട്ടുണ്ട്. ഇങ്ങനെ വളർന്നുവന്ന പാർട്ടിയ്‌ക്ക് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുക എന്നത് മാത്രമല്ല ലക്ഷ്യം. മറിച്ച് ജനങ്ങൾക്ക് വേണ്ടി സേവനം നടത്തുക എന്നതും ലക്ഷ്യം തന്നെയാണ്. ആർ‌ജെ‌ഡി സർക്കാരിന് ബിഹാറിലെ ജനങ്ങൾ പതിനഞ്ച് വർഷം നൽകിയിരുന്നു. എന്നാൽ ലാലു പ്രസാദ് യാദവിന് സംസ്ഥാനത്തിനായി ഒന്നും ചെയ്യാൻ സാധിച്ചില്ല. തുടർന്ന് യാദവിൻ്റെ കാലത്തെ ജംഗിൾരാജ് കഥകളെക്കുറിച്ചും മോദി ഓർമപ്പെടുത്തി.

അടുത്തിടെ നടന്ന ബിഹാർ തെരഞ്ഞെടുപ്പ് നോക്കിയാൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങളുടെ പങ്കാളിത്തം വർധിക്കുന്ന പ്രവണത കാണുന്നുണ്ട്‌. ഇത്തവണ ബിഹാർ ചരിത്രത്തിലെ ഏറ്റവുമുയർന്ന പോളിങ് രേഖപ്പെടുത്തി. പുരുഷന്മാരേക്കാൾ സ്ത്രീകളുടെ പോളിങ് ഏകദേശം ഒമ്പത് ശതമാനം കൂടുതലാണ്. ഇതും ജനാധിപത്യത്തിൻ്റെ വിജയമാണ്. വികസനത്തിൻ്റെ ഫലങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തിച്ചേരണം. എന്നാൽ കഴിഞ്ഞ ദശകങ്ങളിൽ ചില പാർട്ടികൾ സ്വന്തം താത്‌പര്യങ്ങൾ നിറവേറ്റുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതായും കാണാൻ കഴിയും.

കൂടാതെ സാമൂഹിക സുരക്ഷയുടെ വ്യാപ്‌തി വർധിപ്പിക്കുക എന്നതിനപ്പുറം തൻ്റെ സർക്കാരിൻ്റെ ശ്രമങ്ങൾ മുന്നോട്ട് പോയി എന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ്യരായ ഒരു ഗുണഭോക്താവിനെയും ഒരു പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന സാച്ചുറേഷൻ എന്ന ദൗത്യത്തിൽ തങ്ങൾ ഉറച്ചുനിൽക്കുന്നു. ഇത്തരമൊരു ചട്ടക്കൂടിൽ വിവേചനത്തിന് ഇടമില്ല എന്നും അദ്ദേഹം ഓർമിപ്പിച്ചു.

കഴിഞ്ഞ പതിനൊന്ന് വർഷമായി നടത്തിയ തുടർച്ചയായ ശ്രമങ്ങളുടെ ഫലമായി ഇരുപത്തഞ്ച് കോടി ആളുകളാണ് ദാരിദ്ര്യത്തിൽ നിന്ന് വിജയകരമായി ഉയർന്നുവന്നത്. ഈ മാറ്റം ഫലപ്രാപ്‌തിയുടെ തെളിവാണ്. ഇന്ത്യയിൽ ഏകദേശം തൊണ്ണൂറ്റിനാല് കോടി ആളുകൾ ഇപ്പോൾ സാമൂഹിക സുരക്ഷയുടെ കുടക്കീഴിൽ ഉൾപ്പെടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു ശതാബ്‌ദം മുൻപ് വരെ ഇരുപത്തഞ്ച് കോടി മാത്രമായിരുന്നു. ഇതിന് കാരണം സാമൂഹിക ക്ഷേമ പദ്ധതികളും പ്രവർത്തനങ്ങളുമാണ്. ഇന്ത്യയുടെ വളർച്ച ലോകത്തിൻ്റെ തന്നെ പ്രതീക്ഷയായിട്ടാണ് കാണുന്നത്. ആഗോള അസ്ഥിരതകൾക്കിടയിലും ജിഡിപി ഏകദേശം ഏഴ് ശതമാനമായി വളരുകയാണ്. ഇന്ത്യ ഒരു വളർന്നുവരുന്ന വിപണി മാത്രമല്ല വളന്നുവരുന്ന മാതൃക കൂടിയാണെന്നും മോദി ഉറപ്പിച്ച് പറഞ്ഞു.

കോൺഗ്രസിനെ ശക്തമായി വിമർശിച്ചു

തന്നെയും ബിജെപിയേയും നിരന്തരം ‘തെരഞ്ഞെടുപ്പ് മോഡ്’ എന്ന് വിളിക്കുന്നവരെ മോദി വേദിയിൽ വിമർശിച്ചു. വികസനത്തിനും ജനങ്ങളുടെ താത്‌പര്യങ്ങൾക്കും വേണ്ടി ഇരുപത്തിനാല് മണിക്കൂർ ‘വൈകാരിക മോഡി’ലാണെന്നും അതിനാലാണ് ബിജെപി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപങ്ങളിലൂടെയും നാടിൻ്റെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ആരോഗ്യകരമായ ഒരു മത്സര മനോഭാവം വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാരുകളെ പ്രോത്സാഹിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നക്‌സലിസത്തെയും മാവോയിസ്‌റ്റ് ഭീകരതയേയും പിന്തുണയ്‌ക്കുന്ന ശക്തികളുടെ സ്വാധീനം നഷ്‌ടപ്പെടുന്നുണ്ടെങ്കിലും, ഇവയ്‌ക്ക് പ്രതിപക്ഷ പാർട്ടിയിൽ സ്വാധീനം നേടുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസിനെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും മാവോയിസ്‌റ്റ് ഭീകരതകൾ ബാധിക്കപ്പെട്ടിട്ടുണ്ട്. നിർഭാഗ്യവശാൽ ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കാത്തവരെ കൂട്ടുപുടിച്ച് ഭീകരത വളർത്താൻ കോൺഗ്രസ് മുൻപോട്ടുവന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രധാന നഗരങ്ങളിൽ അർബൻ നക്‌സലുകളെയും കോൺഗ്രസ് ഉൾപ്പെടുത്തി എന്നും ആരോപിച്ചു.

പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് കോൺഗ്രസിൽ വേരൂന്നിയ അർബൻ നക്‌സൽ-മാവോയിസ്‌റ്റ് വ്യവസ്ഥകൾ ഇന്ന് ‘മുസ്ലിംലീഗി മാവോവാദി കോൺഗ്രസ് (എംഎംസി)’ ആയി മാറിയിരിക്കുന്നു. ഇപ്പോൾ സ്വന്തം രാഷ്‌ട്രീയ നേട്ടങ്ങൾക്കായി എംഎംസി ദേശീയ താത്‌പര്യത്തെ മാറ്റിനിർത്തിയിട്ടുണ്ടെന്നും മോദി ഉറപ്പിച്ച് പറഞ്ഞു. തുടർന്ന് കേന്ദ്ര സർക്കാരായാലും പ്രാദേശിക പാർട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളായാലും പ്രാഥമിക ശ്രദ്ധ വികസനത്തിലായിരിക്കണമെന്നും ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*