പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് നടുവേദന. നീണ്ട ജോലി സമയം, മോശം ശാരീരിക നില, വാർധക്യം എന്നിവയുടെ പാർശ്വഫലമായിട്ടാണ് നടുവേദനയെ കാണുന്നത്. എന്നാൽ നടുവേദനയെ നിസാരമായി കാണേണ്ട എന്നാണ് ഡോക്‌ടർമാർ പറയുന്നത്. ഇത് ഒരു പക്ഷെ തെന്നിമാറുന്ന ഹെർണിയേറ്റഡ് ഡിസ്‌ക് അല്ലെങ്കിൽ ഗുരുതരമായ മറ്റെന്തെങ്കിലും പ്രശ്‌നത്തിൻ്റെ സൂചനയാകാം.
അതിനാൽ ചെറിയ തോതിലുള്ള നടുവേദന ആണെങ്കിലും ആരോഗ്യ വിദഗ്‌ധരെ സമീപിക്കണമെന്ന് ആർട്ടെമിക്‌സ് ഹോസ്‌പിറ്റലിലെ ഓർത്തോപീഡിക്‌സ് ആൻഡ് സ്പൈൻ സർജറി കൺസൾട്ടൻ്റ് ഓർത്തോസ്പൈൻ ഡോ. ധീരജ് ബതേജ പറയുന്നു. നട്ടെല്ലിന് നേരിടുന്ന വേദന നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു എന്ന് തിരിച്ചറിയുക. ഗുരുതരമായ കേടുപാടുകൾ സംഭവിക്കുന്നതിന് മുൻമ്പ് അത് പരിശോധിക്കേണ്ടതിൻ്റെയും ആവശ്യകത ഡോക്‌ടർ പറയുന്നു.
ഈ അവസ്ഥ ചികിത്സിച്ചില്ലെങ്കിൽ കഠിനമായ വേദന ഉണ്ടാക്കുക മാത്രമല്ല, ചലനശേഷിയേയും നാഡികളുടെ പ്രവർത്തനത്തെയും ബാധിക്കുമെന്ന് ഡോ. ബതേജ പറയുന്നു. വേദന വിട്ടുമാറാത്തതായി വരികയോ വേദന കാലുകളിലേക്ക് വ്യാപിക്കുകയോ ചെയ്യുന്നതിനുമുൻമ്പ് ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയുന്നത് ദീർഘകാല പ്രശ്‌നങ്ങൾ തടയുമെന്നും നിർദേശിച്ചു. തുടർന്ന് ദീർഘകാല സ്ലിപ്പ്ഡ് ഡിസ്‌കിലേക്ക് നയിച്ചേക്കാവുന്ന നടുവേദനയുടെ ചില സൂചനകൾ പങ്കുവയ്‌ക്കുന്നു.
സ്ഥിരമായ താഴ്ന്ന പുറം വേദന
ഇടയ്ക്കിടെ നേരിയ നടുവേദന ഉണ്ടാകുന്നത് സാധാരണമാണ്. പക്ഷെ അത് ആഴ്‌ചകളോളം നീണ്ടുനിൽക്കുകയോ വിശ്രമത്തിനോ മരുന്നുകൾ കഴിച്ചതിനുശേഷമോ വീണ്ടും വരികയോ ചെയ്യുകയാണെങ്കിൽ അത് ഒരു വലിയ പ്രശ്‌നത്തിൻ്റെ ലക്ഷണമാകാം. ഇത്തരം സാഹചര്യങ്ങളിൽ വേദന ചെറിയ തോതിൽ ആരംഭിച്ച് പിന്നീട് വഷളാകുമെന്ന് ഡോ. ബതേജ പറയുന്നു. ഇരിക്കുമ്പോഴും, കുനിയുമ്പോഴും, സാധനങ്ങൾ ഉയർത്തുമ്പോഴും തെറ്റിയ ഡിസ്‌ക് നട്ടെല്ലിലെ ഞരമ്പുകളിൽ സമ്മർദം ചെലുത്തുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് കാലക്രമേണ വേദനയുടെ കാഠിന്യം വർധിപ്പിക്കുന്നു. തന്നെയുമല്ല നേരത്തെ ചികിത്സ തേടുകയാണെങ്കിൽ പേശികളിൽ നിന്നാണോ ഡിസ്‌കിൻ്റെ പ്രശ്‌നം കൊണ്ടാണോ വേദന വരുന്നത് എന്ന് കണ്ടെത്താനും സഹായിക്കും. ഇത് പ്രശ്‌നങ്ങൾ വഷളാകുന്നത് തടയാനും സഹായിക്കുമെന്ന് ഡോക്‌ടർ പറയുന്നു.
കാലുകളിലേക്കോ കൈകളിലേക്കോ വ്യാപിക്കുന്ന വേദന
വേദന കാലുകളിലേക്കും കൈകളിലേക്കും വ്യാപിക്കുന്നത് ഹെർണിയേറ്റഡ് ഡിസ്‌ക് ഒരു നാഡിയിൽ സമ്മർദം ചെലുത്തുന്നതുമൂലമാകാം എന്ന് ഡോക്‌ടർ പറയുന്നു. വേദന നടുവിന് താഴേക്ക് പടരുകയാണെങ്കിൽ കഠിനമായ വേദന അനുഭവപ്പെടാം. എന്നാൽ വേദന കഴുത്തിൻ്റെ ഭാഗത്താണെങ്കിൽ ഇത് തോളിലോ കൈയിലോ വേദനയുണ്ടാക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൂടുതൽ നേരം ഇരിക്കുമ്പോഴും ഈ വേദന കൂടുതൽ വഷളാകും.
മരവിപ്പ്
ഒരു ഡിസ്‌ക് വഴുതിപ്പോയാൽ ഇത് തലച്ചോറിനും ശരീരത്തിനും ഇടയിൽ ഞരമ്പുകളിൽ സമ്മർദം ചെലുത്തും. പുറം, നിതംബം, തുടകൾ, പാദങ്ങൾ തുടങ്ങിയ ഭാഗങ്ങളിൽ മരവിപ്പ് അനുഭവപ്പെട്ടേക്കാം. എന്നാൽ ഇവ അവഗണിക്കരുത്. ഫിസിയോതെറാപ്പിസ്‌റ്റ് അല്ലെങ്കിൽ മറ്റ് ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്ന തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുകയാണെങ്കിൽ നാഡികളുടെ കംപ്രഷൻ ഒഴിവാക്കാനും നാഡികളുടെ കേടുപാടുകൾ വഷളാകുന്നത് തടയാനും സഹായിക്കും.
പേശിയുടെ ബലഹീനത അല്ലെങ്കിൽ ചലന ബുദ്ധിമുട്ട്
ഡിസ്‌ക് വഴുതി മാറുമ്പോൾ ഞരമ്പുകളിലെ സമ്മർദം പേശികളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. കാലിന് ബലക്കുറവ് ഉള്ളതുപോലുള്ള തോന്നൽ, നടക്കാനും വസ്‌തുക്കൾ എടുക്കാനും നേരിടുന്ന ബുദ്ധിമുട്ട്, ദീർഘനേരം നിൽക്കാൻ കഴിയാത്ത അവസ്ഥ നിങ്ങളെ അലട്ടാം. എന്നാൽ എത്രയും വേഗം വൈദ്യസഹായം തേടുക.
ചലനങ്ങൾ കൊണ്ട് വഷളാകുന്ന വേദന
ഭാരമുള്ള വസ്‌തുക്കൾ എടുക്കുമ്പോഴും, ഉയർത്തുമ്പോഴും വേദന മൂർച്ഛിക്കുന്നു. നിങ്ങൾ മലർന്നു കിടക്കുമ്പോഴോ, ചെറിയ ജോലികൾ ചെയ്യുമ്പോഴോ, വെറുതേയിരിക്കുമ്പോഴോ വേദന കുറച്ചു സമയത്തേക്ക് മാറിയേക്കാം. പക്ഷെ വീണ്ടും ഭാരിച്ച ജോലികൾ ചെയ്യുമ്പോൾ വേദന തിരികെ വരുന്നു. എന്നാൽ ചികിത്സയില്ലാതെ നിങ്ങളിത് തുടർന്നാൽ ഡിസ്‌കിനുള്ള കേടുപാടുകൾ കൂടുതൽ വഷളാകുന്നു.
ഡോക്‌ടറെ എപ്പോൾ സമീപിക്കണം
മേൽപ്പറഞ്ഞിട്ടുള്ള ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ പ്രത്യേകിച്ച് കാലിൽ വേദന, മരവിപ്പ്, ബലഹീനത എന്നിവ ഉണ്ടെങ്കിൽ ഉടൻതന്നെ ഡോക്‌ടറെ സമീപിക്കുക. ഇല്ലെങ്കിൽ സർജറി പോലും വേണ്ടി വന്നേക്കാവുന്ന അവസ്ഥയിലേക്ക് എത്തിയെന്നിരിക്കും. രോഗനിർണത്തിനും ചികിത്സ ക്രമീകരിക്കുന്നതിനും ഡോക്‌ടർമാർ എംആർഐ അല്ലെങ്കിൽ സിടി സ്‌കാൻ നിർദേശിക്കും. ചില സാഹചര്യങ്ങളിൽ ജീവിതശൈലിയിലെ മാറ്റങ്ങളും ഫിസിയോതെറാപ്പിസ്‌റ്റുകളുടെ നിർദേശങ്ങളും ശസ്ത്രക്രിയ കൂടാതെ പ്രശ്‌നം പരിഹരിക്കുന്നതിനും വഴിയൊരുക്കുന്നതാണ്.



Be the first to comment