വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിയുടെ വോട്ട് ചോരി അജണ്ടയ്ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന് നില്‍ക്കുകയാണെന്നും ജനാധിപത്യത്തെ തകര്‍ക്കാനുളള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമമാണിതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
‘വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം അനിവാര്യമാണ്. പക്ഷെ അത് സത്യസന്ധമായ രീതിയില്‍ ചെയ്യണം. എസ്ഐആര്‍ ചില വിഭാഗങ്ങളെ ലക്ഷ്യംവയ്ക്കുന്നതാണ്. ബിഎല്‍ഒമാര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് ജീവനൊടുക്കുകയാണ്. കേരളത്തില്‍ അടുത്ത മാസം ഒന്‍പതാണ് ബിഎല്‍ഒമാര്‍ക്ക് നല്‍കിയിരിക്കുന്ന അവസാന തീയതി. സര്‍ക്കാര്‍ എസ്ഐആര്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആവശ്യപ്പെട്ടു. കമ്മീഷന് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്’: കെ സി വേണുഗോപാല്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്നും ഡിസംബര്‍ ആദ്യവാരം രാംലീല മൈതാനത്ത് മഹാറാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിലും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. സ്വര്ണക്കൊളളയില്പ്പെട്ടവരെ സംരക്ഷിക്കാനായിരുന്നു സര്‍ക്കാരിന്റെ തത്രപ്പാട് എന്നാണ് കെ സി പറഞ്ഞത്. ‘ഇത്തവണ റിവ്യൂ മീറ്റിംഗ് ഒന്നും നടന്നില്ല. സ്വന്തക്കാരുടെ അഴിമതി മറച്ചുവയ്ക്കാന്‍ ഉണ്ടായ ശ്രമങ്ങള്‍ക്കിടെയുണ്ടായ പിടിപ്പുകേടാണ്. ഒരാഴ്ച്ച കൊണ്ടാണോ ശബരിമല ഒരുക്കങ്ങള്‍ നടത്തേണ്ടത്? ചെയ്യേണ്ട കാര്യങ്ങളൊന്നും സര്‍ക്കാര്‍ ചെയ്തില്ല. ഇനിയെങ്കിലും യുദ്ധകാല അടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണം. ആരെയും പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ട. സര്‍ക്കാര്‍ ഉത്തരവാദിത്ത രഹിതമായി പെരുമാറി’: കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.



Be the first to comment