കൊടുവള്ളി നഗരസഭ തിരഞ്ഞെടുപ്പ്: വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

കോഴിക്കോട് നഗരസഭാ തിരഞ്ഞെടുപ്പില്‍ വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. നാഷണല്‍ ലീഗ് പ്രതിനിധിയായാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിത്വം. മുന്‍പ് കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. കൊടുവള്ളി നഗരസഭയുടെ 24-ാം വാര്‍ഡിലാണ് കാരാട്ട് ഫൈസല്‍ മത്സരിക്കുന്നത്.

2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കാരാട്ട് ഫൈസല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെടുത്തിരുന്നുവെങ്കിലും സിപിഐഎമ്മിന്റെ സംസ്ഥാന നേതൃത്വം ഇടപെട്ട് ഇയാളെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റുകയായിരുന്നു. പിന്നീട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ഫൈസലിനെതിരെ എല്‍ഡിഎഫ് ഒപി റഷീദ് എന്ന നാഷണല്‍ ലീഗ് പ്രതിനിധിയെ നിര്‍ത്തുകയുമായിരുന്നു. എന്നാല്‍ ഈ പ്രതിനിധി ഒരുവോട്ട് പോലും നേടാന്‍ കഴിയാതെ ദയനീയമായി പരാജയപ്പെടുകയായിരുന്നു. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആ വാര്‍ഡ് ഉള്‍പ്പെടുന്ന സിപിഐഎം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.

മുന്‍പ് കാരാട്ട് ഫൈസലിനെതിരെ മത്സരിച്ച ഒ പി റഷീദ് ഇത്തവണയും മത്സരരംഗത്തുണ്ട്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസല്‍ പ്രതിയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണസംഘം കാരാട്ട് ഫൈസലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തത് ഉള്‍പ്പെടെ പരിഗണിച്ചാണ് ഇയാളെ മുന്‍പ് എല്‍ഡിഎഫ് നീക്കിയിരുന്നത്. നിലവില്‍ ഫൈസലിന്റെ പേരില്‍ കേസുകളില്ല.

Be the first to comment

Leave a Reply

Your email address will not be published.


*