മാവോയിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടി. ആന്ധ്രയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഉള്‍പ്പടെ ആറ് പേരെ വധിച്ചതിന് പിന്നാലെ പ്രമുഖ മാവോയിസ്റ്റ് നേതാവ് ദേവ്ജി ഉള്‍പ്പെടെ 31 പേര്‍ പിടിയിലായി. കൊല്ലപ്പെട്ടവരില്‍ കേന്ദ്ര കമ്മിറ്റി അംഗവും 26ഓളം സായുധ ആക്രമണങ്ങളുടെ സൂത്രധാരനുമായ മാദ്വി ഹിഡ്മയും ഉള്‍പ്പെടുന്നുണ്ട്. സിപിഐ മാവോയിസ്റ്റിന്റെ പിബി അംഗമാണ് ദേവ്ജി.
വിജയവാഡ, കൃഷ്ണ, ഏലൂരു, എന്‍ടിആര്‍ ജില്ലകളില്‍ നിന്നാണ് 31 മാവോയിസ്റ്റുകളെയും പിടികൂടിയിരിക്കുന്നത്. തിപ്പിരി തിരുപ്പതി എന്നാണ് ദേവ്ജി അറിയപ്പെടുന്നത്. നിലവില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ദേവ്ജി സിപിഐ മാവോയിസ്റ്റിന്റെ അവശേഷിക്കുന്ന രണ്ട് പിബി അംഗങ്ങളില്‍ ഒരാളാണ്. മാവോയിസ്റ്റ് വിരുദ്ധ ഓപറേഷന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
ഛത്തീസ്ഗഢ്-ആന്ധ്ര അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കമാന്‍ഡറായ മാദ്വി ഹിഡ്മ ഉള്‍പ്പെടെ കൊല്ലപ്പെട്ടത്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയിലെ പ്രധാനിയുമാണ് 42കാരനായ ഹിഡ്മ. ഇയാള്‍ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 45 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗറില്ലാ യുദ്ധമുറകളില്‍ വിദഗ്ദ്ധനായിരുന്ന ഹിഡ്മ, മാവോയിസ്റ്റ് സംഘടനയുടെ പ്രധാന തന്ത്രജ്ഞന്‍ കൂടിയായിരുന്നു. പത്ത് വര്‍ഷത്തിനിടെ ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയ്ക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങളില്‍ ഹിഡ്മയ്ക്ക് പങ്കുണ്ടായിരുന്നു. ഇയാളുടെ ഭാര്യ ഉള്‍പ്പടെ ആറ് പേരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.



Be the first to comment