മുനമ്പം ഭൂമി വിഷയത്തില്‍ സുപ്രീംകോടതിയില്‍ അപ്പീലുമായി വഖഫ് സംരക്ഷണ സമിതി. മുനമ്പത്തേക്ക് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. മുനമ്പം ഭൂമി വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലായിരിക്കെ അതില്‍ കോടതിക്ക് ഇടപെടനാകില്ലെന്നാണ് വഖഫ് സംരക്ഷണ സമിതിയുടെ വാദം.
കേരള വഖഫ് സംരക്ഷണ സമിതി, ടി എം അബ്ദുള്‍ സലാം എന്നിവരാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
എന്നാല്‍ ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കെ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാകില്ലെന്നാണ് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരുടെ വാദം. അഭിഭാഷകന്‍ അബ്ദ്ദുള്ള നസീഹാണ് ഹര്‍ജി ഫയല്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെയും കേരള വഖഫ് ബോര്‍ഡിനെയും എതിര്‍ കക്ഷികളാക്കിക്കൊണ്ടാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസ് സുപ്രീം കോടതി എന്ന് പരിഗണിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല.



Be the first to comment