മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് ആഹ്വാനം: കന്യാസ്ത്രീ ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വധശ്രമത്തിന് ആഹ്വാനം ചെയ്ത കന്യാസ്ത്രീയെ തള്ളി സിഎംസി സന്യാസിനി സമൂഹം. ടീന ജോസെന്ന സന്യാസിനി സഭയുടെ ഭാഗമല്ലെന്ന് സന്യാസിനി സമൂഹം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

സിഎംസി സന്യാസിനി സഭയിലെ ടീന ജോസിന്റെ പ്രാഥമിക അംഗത്വം സഭയുടെ നടപടിക്രമങ്ങള്‍ക്ക് വിധേയപ്പെട്ട് 04/04/2009 തീയതിയില്‍ നഷ്ടപ്പെട്ടതാണ്. എന്നാല്‍ മാനുഷിക പരിഗണനയില്‍ ഞങ്ങള്‍ നല്‍കിയ അനുമതിയില്‍ അവര്‍ ഞങ്ങളുടെ ഒരു ഭവനത്തില്‍ സൗജന്യമായി താമസിച്ച് അഭിഭാഷകവൃത്തി ചെയ്ത് ജീവിച്ച് വരുന്നു .(മേല്‍പ്പറഞ്ഞ തീയതി മുതല്‍ സന്യാസ വസ്ത്രം ധരിക്കുവാന്‍ നിയമപരമായി അനുവാദമോ അവകാശമോ ഇല്ലാത്തതാണ്). ടീന ജോസ് ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ മാത്രം തീരുമാനത്തിലും ഉത്തരവാദിത്വത്തിലും ആണ്. ഇപ്പോള്‍ അവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ ഞങ്ങള്‍ അപലപിക്കുന്നു, എന്നാണ് സന്യാസിനി സമൂഹത്തിന്റെ പ്രസ് റിലീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അഡ്വ. മേരി ട്രീസ പി ജെ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് വധശ്രമത്തിന് ആഹ്വാനം ചെയ്യുന്ന കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി നാളെ മുതല്‍ ഇറങ്ങുകയാണ് എന്ന സെല്‍റ്റന്‍ എല്‍ ഡിസൂസ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന് താഴെയാണ് കന്യാസ്ത്രീയായ ടീന ജോസിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്. അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും, എന്നാണ് ടീന ജോസിന്റെ കമന്റ്. ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് കേരള പോലീസിന്റെ നടപടി ആവശ്യപ്പെട്ട് സെല്‍റ്റന്‍ മറ്റൊരു പോസ്റ്റും ചെയ്തിട്ടുണ്ട്.

ഫെയ്‌സ്ബുക്കില്‍ ലോക്ക് ചെയ്ത പ്രൊഫൈലില്‍ നിന്നാണ് ടീന ജോസ് കമന്റ് ചെയ്തിരിക്കുന്നത്. അഡ്വ.മേരി ട്രീസ പി ജെ എന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന പേര്. എന്നാല്‍ ഇത് യഥാര്‍ഥ അക്കൗണ്ട് ആണോ എന്ന് വ്യക്തമല്ല. അതേസമയം, ടീന ജോസിന്റെ ആഹ്വാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുകയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ആണ് പറയുന്നതെന്നോര്‍ക്കണം. ഈ ടീന ജോസ് ഒരു കന്യാസ്ത്രീയാണെന്നാണ് ആണെന്നോര്‍ക്കണം. പോരാതെ അഡ്വക്കേറ്റും ആണത്രേ.കോണ്‍ഗ്രസിന്റെ അനുഭാവി ആണെന്ന് രാജീവ് ഗാന്ധി റഫറന്‍സ് വെച്ചു പറഞ്ഞപ്പോള്‍ തന്നെ മനസിലായി. പക്ഷേ, ഈ വികൃത മനസും വെച്ച് ഇവരൊക്കം എങ്ങനെ കന്യാസ്ത്രീ ആയി എന്നാണ് സാമൂഹ്യ നിരീക്ഷകനായ ടിറ്റോ ആന്റണി മേച്ചേരി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വധശ്രമത്തിന് ആഹ്വാനം ചെയ്തുള്ള കമന്റിന് പിന്നില്‍ സംഘപരിവാറിന്റെ ഗൂഢാലോചനയുണ്ടോ എന്ന് സംശയമുന്നയിച്ചിരിക്കുകയാണ് ബിനീഷ് കോടിയേരി. ഈ അക്കൗണ്ട് യഥാര്‍ഥമാണോ എന്ന് സംശയമുന്നയിച്ചിരിക്കുകയാണ് ബിനീഷ് കോടിയേരി. അക്കൗണ്ടിന്റെ ആധികാരികത പോലീസ് ഉടന്‍ പരിശോധിക്കണമെന്നും ബിനീഷ് ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതികരണമാരാഞ്ഞ് സിസ്റ്റര്‍ ടീന ജോസിനെ ബന്ധപ്പെട്ടെങ്കിലും ഫോണില്‍ കിട്ടിയില്ല.

Be the first to comment

Leave a Reply

Your email address will not be published.


*