‘വൈഷ്ണയ്‌ക്കെതിരെ സിപിഐഎം പരാതി നല്‍കിയിട്ടില്ല, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തതില്‍ ഞങ്ങള്‍ക്കെന്ത് കാര്യം?’: എം വി ഗോവിന്ദന്‍

തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ സിപിഐഎം പരാതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാതിയുമായി സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ലെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയത് തിരുത്താന്‍ ഇടപെടല്‍ നടത്തുന്നതിന് എന്താണ് കുഴപ്പമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

വൈഷ്ണയുടെ പേര് വെട്ടിയത് ആരോ നല്‍കിയ പരാതിയിലാണെന്നാണ് എം വി ഗോവിന്ദന്‍ വിശദീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത നിലപാടില്‍ സിപിഐഎമ്മിനെന്ത് കാര്യമെന്നും മറ്റെല്ലാം തെറ്റായ വാര്‍ത്തകളാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ ഇപ്പോള്‍ കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒക്കെ ഇടപെടുന്നുണ്ട്. അവരൊക്കെ ഇടപെട്ടോട്ടെയെന്നും ഒരാളുടെ വോട്ടല്ല തങ്ങളുടെ പ്രധാന വിഷയമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അതോടൊപ്പം കോഴിക്കോട് കോര്‍പറേഷന്‍ വി എം വിനുവിന്റെ വോട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വന്ന വിവാദത്തിലും എം വി ഗോവിന്ദന്‍ പ്രതികരണമറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും വി എം വിനു വോട്ട് ചെയ്തിട്ടില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വോട്ടില്ലെങ്കില്‍ വി എം വിനു അത് ഉറപ്പിക്കണമായിരുന്നു. സ്ഥാനാര്‍ഥിക്ക് വോട്ടില്ലെങ്കില്‍ അത് ഒഴിവാക്കുകയല്ലാതെ മറ്റെന്ത് വഴിയെന്നും എം വി ഗോവിന്ദന്‍  പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*