‘4000 പേര്‍ക്ക് മാത്രം നില്‍ക്കാനാകുന്നിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് പ്രയോജനം?’ ശബരിമലയിലെ അസാധാരണ തിരക്കില്‍ ഹൈക്കോടതി

ശബരിമലയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ അസാധാരണ തിരക്കുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്ന് കോടതി വിമര്‍ശിച്ചു. പറഞ്ഞതൊന്നും നടന്നില്ലല്ലോ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ആറ് മാസം മുന്‍പ് പണികള്‍ നടക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.

പരമാവധി ആളുകള്‍ ക്ഷേത്രത്തില്‍ കയറി എന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഹൈക്കോടതി ചോദിക്കുന്നു. ആളുകള്‍ക്ക് നില്‍ക്കാന്‍ സാധിക്കുന്ന എത്ര സ്ഥലമാണ് മുകളിലുള്ളതെന്ന് ചോദിച്ച കോടതി 4000 പേര്‍ക്ക് നില്‍ക്കാനാകുന്നയിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് കാര്യമാണുള്ളതെന്നും ചോദിച്ചു. പതിനെട്ടാം പടി മുതല്‍ സന്നിധാനം വരെ ഒരേസമയം എത്ര പേര്‍ക്ക് നില്‍ക്കാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു. ആളുകളെ സെക്ടറുകളായി തിരിച്ച് നിര്‍ത്തിയാല്‍ കുറച്ചുകൂടി നിയന്ത്രിക്കാന്‍ സാധിക്കില്ലേ എന്നും കോടതി ചില നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. എല്ലാവരേയും ഒരുമിച്ച് തള്ളിവിടുന്നത് ശരിയായ രീതിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ശുചിമുറികള്‍ വൃത്തിയാക്കാന്‍ പോലും ആളില്ലെന്ന് കോടതി വിമര്‍ശിച്ചു. കുട്ടികളേയും പ്രായമായ ഭക്തരേയും ബുദ്ധിമുട്ടിക്കാന്‍ കോടതിക്ക് കഴിയില്ല. ഇന്നലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തളര്‍ന്ന് വീഴുന്നതും കരയുന്നതുമായ കാഴ്ച കണ്ടു. മുന്നൊരുക്കങ്ങളില്‍ വീഴ്ചയുണ്ടായി. കുടിവെള്ളം എത്തിക്കുന്നതില്‍ പോലും തടസങ്ങള്‍ നേരിട്ടുവെന്നും വെറുമൊരു ഉത്സവം നടത്തുന്നതുപോലെയാണോ മണ്ഡലകാലത്ത് ശബരിമലയില്‍ മുന്നൊരുക്കം നടത്തേണ്ടതെന്നും കോടതി ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*