എഐയുടെ വിപുലമായ ലോകം തുറക്കാൻ ജിയോ; ഗൂഗിള്‍ ജെമിനി 3 സൗജന്യം

മുബൈ: ജിയോ അണ്‍ലിമിറ്റഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ജെമിനി 3-യുടെ അധിക സേവനം സൗജന്യമായി. നിലവില്‍ ജിയോ അണ്‍ലിമിറ്റഡ് 5 ജി ഉപഭോക്താക്കള്‍ക്ക് 18 മാസത്തേക്കാണ് പ്ലാന്‍ സൗജന്യമായി ലഭിക്കുക. ജിയോ ജെമിനി പ്രോ പ്ലാനിന്റെ പുതുക്കിയ പ്ലാനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ഉണ്ടായിരുന്ന ഓഫറില്‍ രണ്ട് മാറ്റങ്ങളാണ് ഇത്തവണ നടപ്പാക്കുന്നത്. യുവാക്കള്‍ക്ക് മാത്രം എന്ന നിലയില്‍ നടപ്പാക്കിയിരുന്ന ഓഫര്‍ യോഗ്യരായ എല്ലാ അണ്‍ലിമിറ്റഡ് 5ജി പ്ലാനുകളിലേക്കും വ്യാപിപ്പിച്ചു. ഗൂഗിള്‍ ജെമിനിയുടെ ഏറ്റവും പുതിയ അപ്‌ഡേഷനായ ജെമിനി 3 സേവനവും ലഭിക്കും. നവംബര്‍ 18 നാണ് ഗൂഗിള്‍ ജെമിനി 3 പുറത്തിറക്കിയത്. പുതിയ പ്ലാനിലൂടെ എല്ലാ ജിയോ അണ്‍ലിമിറ്റഡ് 5 ജി തിരഞ്ഞെടുത്തവര്‍ക്കും 35100 രൂപ വിലമതിക്കുന്ന ജെമിനി പ്രോ പ്ലാന്‍ 18 മാസത്തേക്ക് സൗജന്യമായി ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിപുലമായ ലോകത്തേക്ക് എല്ലാ ഇന്ത്യക്കാരെയും കൈപിടിച്ചുയര്‍ത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്നും കമ്പനി വിശദീകരിക്കുന്നു. മൈ ജിയോ ആപ്പിലെ ക്ലൈം നൈ എന്ന ഒപ്ഷന്‍ ഉപയോഗിച്ച് ഈ സൗകര്യം ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. ഓഫര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ജിയോ അറിയിച്ചു.

ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് പരിധികളില്ലാത്ത ആത്യാധുനിക എഐ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നു എന്നായിരുന്നു ജിയോ – ഗൂഗിള്‍ സഹകരണം പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയത്. എല്ലാ ഇന്ത്യക്കാരുടെയും വളര്‍ച്ചയ്ക്ക് ഉപയോഗിക്കും വിധം എഐ ഉപയോഗം ഉയര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും മുകേഷ് അംബാനി പ്രകടിപ്പിച്ചിരുന്നു.

ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ചത് എന്ന അവകാശവാദത്തോടെ ആണ് പുത്തന്‍ എഐ മോഡലായ ജെമിനി 3 ഗൂഗിള്‍ പുറത്തിറക്കിയത്. ഇപ്പോള്‍ ലഭ്യമായിട്ടുള്ള എഐ മോഡലുകളില്‍ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. സെര്‍ച്ച് ഉള്‍പ്പെടെയുള്ള തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെല്ലാം ജെമിനി 3 ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം.

 

Be the first to comment

Leave a Reply

Your email address will not be published.


*