ക്ഷയരോഗികള്‍ നന്നേ കുറവ്; ഇന്ത്യയ്‌ക്ക് കയ്യടിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ക്ഷയരോഗം (ടിബി) നിയന്ത്രിക്കുന്നതില്‍ നേട്ടങ്ങള്‍ കൈവരിച്ചതിന് ഇന്ത്യയ്‌ക്ക് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ കയ്യടി. ഇന്ത്യയിൽ ക്ഷയരോഗികളുടെ എണ്ണം കുറഞ്ഞു എന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഡബ്ല്യുഎച്ച്ഒ ചൊവ്വാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ ക്ഷയരോഗവുമായി ബന്ധപ്പെട്ട മരണനിരക്ക് കുറഞ്ഞതായും അറിയിച്ചു.

2024 ൽ തെക്കുകിഴക്കൻ ഏഷ്യയില്‍ ക്ഷയരോഗ നിരക്കില്‍ വലിയ തോതിലുള്ള മാറ്റം സംഭവിച്ചതായും ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ ആഗോള ക്ഷയരോഗ റിപ്പോർട്ടില്‍ പറയുന്നു. എന്നാൽ മ്യാൻമറും തിമോർ-ലെസ്‌റ്റെയും ക്ഷയരോഗ നിരക്കില്‍ ഇപ്പോഴും ഉയർന്ന നിലയില്‍ തന്നെയാണ്. ഇവിടങ്ങളില്‍ ഒരു ലക്ഷം പേരില്‍ ഏകദേശം 480-500 പേർക്ക് ക്ഷയരോഗം നിർണയിക്കപ്പെടുന്നുണ്ട്. ആഗോള തലത്തില്‍ ഈ നിരക്ക് വളരെ ഉയർന്നതാണ്.

ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ക്ഷയരോഗ നിരക്ക് ഒരു ലക്ഷത്തി നൂറ്റിനാൽപ്പത്താറിനും ഇരുന്നൂറ്ററുപത്തൊൻപതിനും ഇടയിലാണ്. അതായത് ബംഗ്ലാദേശ് മൂന്ന് ലക്ഷത്തി എൺപത്തിനാലായിരം, മ്യാൻമർ രണ്ട് ലക്ഷത്തി അറുപത്തിമൂവായിരം, തായ്‌ലൻഡ് ഒരുലക്ഷത്തി നാലായിരം, നേപ്പാൾ അറുപത്തേഴായിരം എന്നിങ്ങനെയാണ് സ്ഥിതിവിവരക്കണക്കുകൾ. ഇത് കുറഞ്ഞ നിരക്കിനെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം ഏകദേശം 2.71 ദശലക്ഷം ആളുകൾക്ക് ക്ഷയരോഗമുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തന്നെയുമല്ല ഈ രാജ്യങ്ങളിൽ ക്ഷയരോഗം നിയന്ത്രിക്കുന്നതിൽ സ്വീകരിച്ച നടപടികൾ രോഗ വ്യാപനം കുറച്ചു എന്നും പറയുന്നു.

ടിബി മൂലമുള്ള മരണനിരക്കിൽ കുറവ്

ക്ഷയരോഗവുമായി ബന്ധപ്പെട്ട മരണനിരക്ക് മറ്റ് പല രാജ്യങ്ങളിലും കൂടുതലാണ്. എന്നാൽ 2015 നെ അപേക്ഷിച്ച് ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ ടിബി മൂലമുള്ള മരണനിരക്കുകൾ കുറവാണെന്നും റിപ്പോർട്ട് പറയുന്നു. കൊവിഡ്-19 ന് ശേഷം രോഗ നിയന്ത്രണത്തിന് മേൽ ഏർപ്പെടുത്തിയ പ്രവർത്തനങ്ങളുടെ ഫലമാണിതെന്നും സംഘടന ചൂണ്ടിക്കാട്ടി.

ഡബ്ല്യുഎച്ച്ഒയുടെ റിപ്പോർട്ട് പ്രകാരം 2024ൽ 10.7 ദശലക്ഷം ആളുകൾക്ക് ക്ഷയം പിടിപെട്ടിട്ടുണ്ട്. ഇതിൽ 1.23 ദശലക്ഷം പേർ രോഗം ബാധിച്ച് മരണപ്പെട്ടു. ലോകജന സംഖ്യയുടെ നാലിലൊന്നിൽ താഴെ മാത്രം ആളുകൾ താമസിക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ, പുതിയ ടിബി കേസുകൾ പ്രതിവർഷം ഉയർന്നുവരുന്നു. ടിബി ഗുരുതരമായ ഭീഷണി ഉയർത്തുന്നത് തുടരുന്നു എന്നും വ്യക്തമാക്കി.

2024ൽ ഒരു ലക്ഷത്തി അൻപതിനായിരം പുതിയ കേസുകൾ രേഖപ്പെടുത്തി എന്നും ലോകാരോഗ്യ സംഘടന പറയുന്നു. എന്നാൽ 2015 ലെ കണക്കുനോക്കിയാൽ മുൻപുണ്ടായിരുന്നതിൽ നിന്നും ടിബി കേസുകൾ പതിനാറ് ശതമാനമാണ് കുറഞ്ഞത്.

ചികിത്സ വിജയ നിരക്കുകൾ ഏറ്റവും ഉയർന്ന നിരക്കുകളിൽ രേഖപ്പെടുത്തി

“ക്ഷയം തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലുടനീളമുള്ള ആരോഗ്യ സുരക്ഷയ്ക്കും വികസനത്തിനും ഭീഷണിയായി തുടരുന്നു. ഏറ്റവും ദരിദ്രരിലാണ് രോഗത്തിന്‍റെ വ്യാപ്‌തി ഏറുന്നത്”, എന്ന് ഡബ്ല്യുഎച്ച്ഒയുടെ തെക്കുകിഴക്കൻ ഏഷ്യൻ ഓഫിസർ-ഇൻ-ചാർജ് ഡോ. കാതറിന ബോഹ്മെ പറയുന്നു.

അവർ ഇതിനുള്ള പ്രതിവിധിയും മുൻപോട്ട് വയ്‌ക്കുന്നു. നേരത്തെയുള്ള രോഗനിർണയം, ദ്രുത ചികിത്സ, പ്രതിരോധം, പ്രാഥമിക ആരോഗ്യ സംരക്ഷണം എന്നിവ നിർദേശിക്കുന്നു. ഇതിലൂടെ രോഗത്തെ തടയാമെന്ന് ഡബ്ല്യുഎച്ച്ഒയുടെ തെക്കുകിഴക്കൻ ഏഷ്യൻ ഓഫിസർ-ഇൻ-ചാർജ് പറഞ്ഞു. ചികിത്സാ നിരക്കുകൾ നോക്കിയാൽ ഇത് ഇപ്പോൾ എൺപത്തഞ്ച് ശതമാനം കവിഞ്ഞു. ഇതിൻ്റെ ഫലമായി സുഖം പ്രാപിച്ചവരുടെ കണക്കുകളും കൂടുതലാണ്. രാജ്യങ്ങളിൽ എച്ച്ഐവി ബാധിതർക്കു വേണ്ടിയുള്ള പ്രതിരോധ ചികിത്സയും വികസിച്ചിട്ടുണ്ട് എന്നും അവർ പറഞ്ഞു.

അതേസമയം പോഷകാഹാരക്കുറവും പ്രമേഹവും ടിബിക്കുള്ള കാരണമാകാം എന്നും പറയുന്നു. ഇത്തരത്തിൽ ഓരോ വർഷവും ഏകദേശം എട്ട് ലക്ഷത്തി അൻപതിനായിരം കേസുകൾ വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ടിബി ബാധിത കുടുംബങ്ങളിൽ നാൽപ്പത്തിനാല് ശതമാനത്തോളം ചെലവുകളും നേരിടുന്നതായും വ്യക്തമാക്കി.

അവശ്യ ടിബി സേവനങ്ങൾ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത, പ്രാഥമികാരോഗ്യ സംരക്ഷണം, പോഷകാഹാരം, പണച്ചെലവ്, ഗതാഗതം എന്നിവയിലൂടെ സാമൂഹിക സംരക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത ലോകാരോഗ്യ സംഘടന പങ്കുവയ്‌ക്കുന്നു. നേതൃത്വം, നവീകരണം, സഹകരണം എന്നിവയിലൂടെ പുരോഗതി സാധ്യമാണെന്ന് തെക്കുകിഴക്കൻ ഏഷ്യൻ മേഖല തെളിയിച്ചിട്ടുണ്ട്. എന്നാൽ പുരോഗതി ഇനിയും ത്വരിതപ്പെടുത്തണം എന്നും ഡോ. ബോഹ്മെ പറഞ്ഞു. ക്ഷയരോഗം അവസാനിപ്പിക്കാനുള്ള ഉപകരണങ്ങൾ നമ്മുടെ പക്കലുണ്ട്. നിർണായകമായി പ്രവർത്തിക്കേണ്ട സമയം ഇപ്പോഴാണ് എന്നും അവർ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*