മദ്യപിക്കുന്ന മിക്കവരുടെയും വയറ് വീര്‍ത്തിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ബിയര്‍ ബെല്ലി എന്നറിയപ്പെടുന്ന ഈ അവസ്ഥ വെറുമൊരു സൗന്ദര്യ സംബന്ധമായ പ്രശ്‌നമല്ല. അമിതമായ മദ്യപാനം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് വിസറല്‍ ഫാറ്റ് എന്നാണ് പറയപ്പെടുന്നത്.
ആന്തരികാവയവങ്ങള്‍ക്ക് ചുറ്റും അടിഞ്ഞുകൂടുന്ന ഈ കൊഴുപ്പ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. ശരീരഭാരം വര്‍ധിക്കുന്നത് മാത്രമല്ല മദ്യം ശരീരത്തിന്റെ മെറ്റബോളിസം, പേശികളുടെ ആരോഗ്യം, ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ എന്നിവയെ തടസ്സപ്പെടുത്തുന്നു. മാത്രമല്ല മദ്യം കൊഴുപ്പ് കത്തിക്കുന്നതിനെ പതുക്കെയാക്കുകയും പ്രധാനപ്പെട്ട ഹോര്‍മോണുകളെ ബാധിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് മദ്യപിക്കുമ്പോള്‍ വയറ് വീര്‍ക്കുന്നത്
ഒരു ഗ്രാമിന് ഏഴ് കലോറി വീതം മദ്യത്തില്‍ അടങ്ങിയിട്ടുണ്ട്. മദ്യം ശരീരത്തില്‍ എത്തുമ്പോള്‍ കോഴുപ്പും കാര്‍ബോഹൈഡ്രേറ്റും കത്തിക്കുന്നതിനേക്കാളുപരി ശരീരം മുന്‍ഗണന നല്‍കുന്നത് മദ്യം വിഘടിപ്പിക്കാനാണ്. അതായത് മദ്യത്തില്‍ നിന്നുളള കലോറികള്‍ കൊഴുപ്പായി സംഭരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് മദ്യപിക്കുന്നവരില്‍ കാലക്രമേണ വിസറല്‍ കൊഴുപ്പ് അടിഞ്ഞുകൂടാനിടയാക്കും. മദ്യപിക്കുന്നവരുടെ വയറ് വീര്‍ക്കുന്നതിന് കാരണം ഇതാണ്.
ഇത്തരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യത്തിന് ദോഷകരമാണ്. കാരണം ഇത് അവയങ്ങള്‍ക്ക് ചുറ്റും അടിഞ്ഞുകൂടുകയും ദീര്‍ഘകാല ആരോഗ്യഅപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. മിതമായ അളവില്‍ മദ്യപിക്കുന്നവരിലും ചിലപ്പോള്‍ അരക്കെട്ടിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാറുണ്ട്.
മദ്യപാനത്തെയും കൊഴുപ്പ് സംഭരണത്തെയും കുറിച്ച് ഫിറ്റ്‌നെസ് പരിശീലകന്‍ എറിക് റോബര്‍ട്ട്‌സ് പറയുന്നത്
മദ്യം കൊഴുപ്പ് കുറയ്ക്കുന്നതിലും പേശികളുടെ വളര്‍ച്ചയിലും എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് വിശദീകരിക്കുന്ന ഒരു റീല്‍ ഫിറ്റ്‌നെസ് പരിശീലകനായ എറിക് റോബര്‍ട്‌സ് പങ്കുവച്ചിരുന്നു. ആ റീലിന്റെ ഉള്ളടക്കം ഇപ്രകാരമാണ്. മദ്യത്തെ ശരീരം കണക്കാക്കുന്നത് ഒരു വിഷ വസ്തുവായാണ്. അതുകൊണ്ട് കൊഴുപ്പ് കത്തിക്കുകയും പേശികളെ പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നതിനേക്കാള്‍ ശരീരം മുന്‍ഗണന കൊടുക്കുന്നത് മദ്യത്തെ ശരീരത്തില്‍നിന്ന് നീക്കം ചെയ്യാനാണ്. മദ്യം കുടിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ കൂടുതല്‍ കലോറിയാണ് ശരീരത്തില്‍ എത്തുന്നത്. ഇത് വയറിന് ചുറ്റും കൈാഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഇത് വയറ് വീര്‍ക്കാന്‍ കാരണമാകും.എറിക് റോബര്‍ട്ട്‌സ് പറയുന്നു.
എത്രത്തോളം മദ്യം കഴിക്കുന്നതാണ് സുരക്ഷിതം
ഒരാളുടെ ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 0.5 ഗ്രാം വരെ പോലും മദ്യം കഴിക്കുന്നത് പേശികളെ പുനര്‍നിര്‍മിക്കുന്ന പ്രക്രിയക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. 54 കിലോ ഭാരമുള്ള ഒരാള്‍ക്ക് ഏകദേശം രണ്ട് ഡ്രിങ്ക്സും(10 ml) 81 കിലോ ഭാരമുള്ള ഒരാള്‍ക്ക് മൂന്ന് ഡ്രിങ്ക്സും കഴിക്കാവുന്നതാണ്. ഇങ്ങനെയാണെങ്കിലും ചെറിയ അളവിലുള്ള മദ്യപാനം പോലും അമിതഭാരത്തിനും കൊഴുപ്പ് അടിഞ്ഞുകൂടാനും കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.



Be the first to comment