ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റൻ ഗില്ലിനെ ഒഴിവാക്കി; ഇന്ത്യയെ റിഷഭ് പന്ത് നയിക്കും

ഹൈദരാബാദ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റന്‍ ശുഭ്‌മന്‍ ഗില്‍ പുറത്ത്. താരത്തെ ടീമില്‍ നിന്നും മാറ്റിയതായി ബിസിസിഐ അറിയിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ മത്സരത്തിനിടെ കഴുത്തിനേറ്റ പരിക്കിൽ നിന്ന് മുക്തനാകാത്തതിനെ തുടർന്നാണ് ഗില്ലിന് രണ്ടാം ടെസ്റ്റ് നഷ്‌ടമാകുന്നത്. കഴിഞ്ഞ മത്സരത്തിനിടെ സ്വീപ്പ് ഷോട്ടിനായി ശ്രമിക്കുന്നതിനിടെ താരത്തിന്‍റെ കഴുത്തിന് ഗുരുതരമായ വേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ഗില്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എന്നാല്‍ ആരോഗ്യനില മെച്ചപ്പെടാത്തതിനാല്‍ കൂടുതൽ വൈദ്യചികിത്സയ്ക്കും പുനരധിവാസത്തിനുമായി ഗിൽ നാട്ടിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്.

ഈ ആഴ്‌ച ആദ്യം ഗിൽ ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് യാത്ര ചെയ്‌തിരുന്നു. ഇത് ടീമിനൊപ്പം ഗില്ലിന് തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന പ്രതീക്ഷ വർധിപ്പിച്ചു. രണ്ടാം ടെസ്റ്റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ടീമിന്‍റെ മനോവീര്യം ഉയർത്താൻ ക്യാപ്റ്റൻ ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, മെഡിക്കൽ വിലയിരുത്തലുകൾക്കും നെറ്റ്സിൽ ഫിറ്റ്നസ് തെളിയിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ബിസിസിഐ മെഡിക്കൽ സ്റ്റാഫ് അദ്ദേഹത്തിന് വിശ്രമം നിർദ്ദേശിക്കുകയും നിർണായക പോരാട്ടത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തു.

ഗില്ലിന്‍റെ അഭാവത്തില്‍ ശനിയാഴ്‌ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ ഋഷഭ് പന്ത് നയിക്കും. ബാറ്റിംഗ് വിഭാഗത്തിൽ, ഗില്ലിന് പകരക്കാരനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒഴിവുള്ള സ്ഥാനത്തേക്ക് സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയവര്‍ക്കാണ് സാധ്യതയുള്ളത്.

shubman gill

ഏകദിന മത്സരങ്ങൾക്ക് ഗിൽ ഫിറ്റ് ആകുമോ?

ഗില്ലിനെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള മാനേജ്‌മെന്‍റിന്‍റെ തീരുമാനം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയിലും അദ്ദേഹം പങ്കെടുക്കുന്നതിനെക്കുറിച്ച് സംശയങ്ങൾ ഉയർത്തി. 2025 നവംബർ 30 ന് ആരംഭിക്കാനിരിക്കുന്ന പരമ്പരയിൽ, താരം സുഖം പ്രാപിക്കാനുള്ള സമയപരിധി വളരെ കുറവാണ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് അനുയോജ്യനാകാൻ ഡോക്ടർമാർ ഗില്ലിന് 5-7 ദിവസം കൂടി വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ബിസിസിഐ മെഡിക്കൽ ടീം ഗില്ലിന്‍റെ പുരോഗതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ ബാറ്റിംഗ് യൂണിറ്റിലും നേതൃത്വപരമായ റോളിലും മറ്റ് ഓപ്ഷനുകൾ സെലക്ടർമാർ ഇതിനകം തന്നെ പരിഗണിക്കുന്നുണ്ട്. ഇന്ത്യയുടെ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും പൂർണ്ണ ആരോഗ്യവാനല്ലാത്തതിനാൽ, ഗിൽ പുറത്തായാൽ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിൽ സെലക്ഷൻ കമ്മിറ്റിക്ക് ആശയക്കുഴപ്പമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*