ശബരിമലയിൽ തിരക്ക് കുറഞ്ഞു, സുഗമമായി ദര്‍ശനം നടത്തി ഭക്തര്‍

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കുറഞ്ഞു. സ്പോട്ട് ബുക്കിങ്ങിൽ നിയന്ത്രണം വരുത്തിയതോടെയാണ് തിരക്ക് കുറഞ്ഞത്. പുലർച്ചെ പമ്പയിൽ നിന്ന് തിരിച്ചവർക്ക് ഏകദേശം അഞ്ച് മണിക്കൂറിൽ ദർശനം സാധ്യമാകുമെന്നും സന്നിധാനത്തെയും പമ്പയിലെയും തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്ന് തിരക്ക് അനുഭവപ്പെട്ടില്ലെന്നും കൃത്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും തീർഥാടകർ പറഞ്ഞു. ഇനി വരും ദിവസങ്ങളിൽ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ക്യൂ നിൽക്കുന്നവർക്കും വിശ്രമിക്കുന്നവർക്കും മറ്റും കുടിവെള്ളവും ലഘുഭക്ഷണവും എത്തിച്ച് കൊടുക്കാനുള്ള സജ്ജീകരണവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.

ശബരിമലയിലെ തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചൂവെന്ന് ശബരിമല അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (എഡിഎം) ഡോ. അരുണ്‍ എസ് നായര്‍ പറഞ്ഞിരുന്നു. തീര്‍ഥാടനം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ എല്ലാ ഭക്തര്‍ക്കും സുഗമവും സുരക്ഷിതവുമായ ദര്‍ശനം ഉറപ്പാക്കിയിട്ടുണ്ടെന്നും എഡിഎം കൂട്ടിച്ചേർത്തു. തീര്‍ഥാടനകാലം ഏറ്റവും മികവുറ്റതാക്കാന്‍ എല്ലാ വകുപ്പുകളും ദേവസ്വം ബോര്‍ഡും കൂട്ടായ പരിശ്രമം നടത്തുന്നുണ്ടെന്നും എഡിഎം വ്യക്തമാക്കി.

മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദർശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തരാണ്. കഴിഞ്ഞ ദിവസമാണ് ശബരിമലയിലെ കനത്ത ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സ്പോട്ട് ബുക്കിങ് ദിവസേന 5,000 പേർക്ക് മാത്രമായി നിജപ്പെടുത്തിയത്. നട തുറന്ന ആദ്യ ദിവസം ക്രമാതീതമായ തിരക്കാണുണ്ടായത്. ശബരിമലയിലെ തീര്‍ഥാടനത്തിനിടെ ഒരു ഭക്ത കുഴഞ്ഞ് വീണു മരിച്ചിരുന്നു.

സ്‌പോട് ബുക്കിങ് ഇനി 5,000 പേർക്ക് മാത്രം:

ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട്ട് ബുക്കിങ് ഇന്ന് മുതൽ 5000 ആയി ക്രമീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. പ്രതിദിനം 5,000 തീർഥാടകർ എന്ന നിലയില്‍ വെർച്വൽ ക്യൂ ബുക്ക് ചെയ്‌ത് മാത്രം ഭക്തർ വരാൻ ശ്രമിക്കുക. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമാകും സ്പോട് ബുക്കിങ് ലഭ്യമാകുക. അനുവദിച്ചിരിക്കുന്ന സമയത്ത് ദർശനം നടത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

എല്ലാ വകുപ്പുകളുടെയും നിർദേശങ്ങൾ പാലിച്ച് തീർഥാടനം നടത്താൻ ശ്രമിക്കുക. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട് ബുക്കിങ് താത്‌കാലികമായി നിർത്തിവച്ചു. നവംബർ 24 വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ പരമാവധി വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കി ദർശനം നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർഥിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*