ന്യൂഡല്‍ഹി: റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഗുജറാത്തിലെ ജാംനഗറിലെ റിഫൈനറിയിലേക്കുള്ള റഷ്യന്‍ ക്രൂഡോയിലിന്റെ ഇറക്കുമതിയാണ് നിര്‍ത്തിയത്. യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
കയറ്റുമതി കൈകാര്യം ചെയ്യുന്ന റിഫൈനറിയില്‍ റഷ്യന്‍ ക്രൂഡോയില്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചതായും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം റഷ്യന്‍ എണ്ണ വാങ്ങുന്ന സ്ഥാപനമാണ് റിലയന്‍സ്.
‘നവംബര്‍ 20 മുതല്‍ ഞങ്ങളുടെ എസ്ഇസെഡ്. റിഫൈനറിയിലേക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി. ഡിസംബര്‍ മുതല്‍ റിഫൈനറിയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്ന കയറ്റുമതികളും റഷ്യന്‍ ഇതര ക്രൂഡ് ഓയില്‍ ഉപയോഗിച്ച് മാത്രമായിരിക്കും ഉത്പാദിപ്പിക്കുക. യൂറോപ്യന്‍ യൂണിയന്റെ ഉല്‍പ്പന്ന ഇറക്കുമതി നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിശ്ചയിച്ച സമയപരിധിക്ക് മുന്‍പ് തന്നെ ഈ മാറ്റം പൂര്‍ത്തിയാക്കി’- കമ്പനി വ്യക്താവ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
റഷ്യന്‍ എണ്ണ സംസ്‌കരിച്ച് പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാക്കി യൂറോപ്യന്‍ യൂണിയന്‍, യുഎസ്, മറ്റ് രാജ്യങ്ങളിലേക്ക് വലിയ തോതില്‍ കയറ്റുമതി ചെയ്യുന്നവരില്‍ പ്രമുഖരാണ് റിലയന്‍സ്. എന്നാല്‍, റഷ്യന്‍ എണ്ണ വരുമാനം ലക്ഷ്യമിട്ട് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും, റഷ്യന്‍ ക്രൂഡില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങളുടെ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്കും പിന്നാലെയാണ് റിലയന്‍സിന്റെ നീക്കം.



Be the first to comment