ശബരിമലയിലെ സ്വർണ്ണക്കൊള്ള: അന്വേഷണം മുൻ ദേവസ്വം മന്ത്രിയിലേക്കോ? കരുതലോടെ സി പി ഐ എം

ശബരിമലയിലെ സ്വർണമോഷണക്കേസിൽ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നുവോ? സംസ്ഥാന രാഷ്ട്രീയം തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിൽ തിളച്ചുമറിയുമ്പോൾ പാർട്ടി നേതാക്കൾ അറസ്റ്റു ചെയ്യപ്പെടുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമാവുമോ എന്നാണ് സി പി ഐ എമ്മിന്റെ ഭയം. ഒന്നാം പിണറായി സർക്കാരിൽ ദേവസ്വം വകുപ്പു മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സി പി ഐ എം നേതാവും നിലവിൽ എം എൽ എയുമായ കടകംപള്ളി സുരേന്ദ്രൻ ചോദ്യം ചെയ്യപ്പെട്ടാൽ അത് തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമാവുമെന്നാണ് ആശങ്ക. ഇതോടെ എസ്ഐടിയുടെ നീക്കത്തെ കരുതലോടെയാണ് പാർട്ടി നേതൃത്വം നോക്കിക്കാണുന്നത്.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെട്ടവർ കുറ്റക്കാരാണെന്ന് വിലയിരുത്താൻ കഴിയില്ലെന്നും, പാർട്ടിയുടെ കൈകൾ ശുദ്ധമാണെന്നാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. ഇത് അറസ്റ്റിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള സി പി ഐ എം നീക്കത്തിന്റെ ഭാഗമാണ്. മുൻ ദേവസ്വം ബോർഡ് അധ്യക്ഷൻ എൻ വാസുവിനെ ന്യായീകരിച്ച കടകംപള്ളിയെ പാർട്ടി സെക്രട്ടറി തള്ളിപ്പറഞ്ഞത് അപകടം മണത്താണ്. എന്നാൽ എസ് ഐ ടിയുടെ അന്വേഷണത്തെയും അറസ്റ്റിനെയും പാർട്ടി ഭയക്കുന്നില്ലെന്ന തരത്തിലാണ് നേതാക്കളുടെ പ്രതികരണങ്ങൾ. എത്ര ഉന്നതനായാലും കർശന നടപടിയെന്ന സ്ഥിരം പ്രസ്താവന ആവർത്തിക്കുകയാണ് പാർട്ടി നേതൃത്വം. എന്നാൽ മൂന്നാം വട്ടവും അധികാരത്തിൽ എത്താനുള്ള നീക്കങ്ങൾക്ക് ശബരിമല സ്വർണക്കൊള്ള കാരണമാവുമോ എന്നാണ് നേതാക്കളുടെ ആശങ്ക.

ആഗോള അയ്യപ്പ സംഗമത്തിലൂടെ എൻ എസ് എസ് , എസ് എൻ ഡി പി തുടങ്ങിയ സാമുദായിക സംഘടകളെ ഒപ്പം നിർത്താൻ നടത്തിയ നീക്കം ഫലം കണ്ടതിന്റെ ആത്മവിശ്വാസത്തിലായിരുന്നു സി പി ഐ എം. ശബരിമല യുവതി പ്രവേശന വിഷയത്തിൽ പാർട്ടിയുമായും ഇടത് സർക്കാരുമായും അകന്ന വിശ്വാസിവിഭാഗത്തെ ഒപ്പം നിർത്താനുള്ള നീക്കം വിജയംകണ്ടതിന്റെ ആവേശത്തിൽ നിൽക്കുമ്പോഴാണ് സർക്കാരിനേയും ഭരണ മുന്നണിയേയും പ്രതിരോധത്തിലാക്കിയ സ്വർണക്കൊള്ള വിവാദത്തിന് തിരികൊളുത്തുന്നത്.

ആഗോള അയ്യപ്പസംഗമം വൻവിജയമായിരുന്നുവെന്നും, സംഗമത്തെ കരിതേച്ചുകാണിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഇറക്കിയതെന്നുമായിരുന്നു വകുപ്പുമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും ആരോപണം. കേസ് ഹൈക്കോടതി വളരെ ഗൗരവത്തോടെ ഏറ്റെടുക്കുകയും, അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും, കേസന്വേഷണ പുരോഗതി കോടതി നേരിട്ട് പരിശോധിക്കുകയും ചെയ്തതോടെ ശബരിമല സ്വർണക്കൊള്ളയിൽ പലരുടേയും ചെമ്പ് പുറത്താവുകയായിരുന്നു. സ്വർണപ്പാളിയെ ചെമ്പെന്ന് എഴുതിയതിനുപിന്നിലെ ഗൂഢാലോചനയായിരുന്നു അന്വേഷണ സംഘം അന്വേഷിച്ചത്. കൊള്ള ആരംഭിച്ച കാലത്ത് ദേവസ്വം ബോർഡ് അധ്യക്ഷനായിരുന്ന എ പത്മകുമാർ അറസ്റ്റിലായതോടെയാണ് അന്നത്തെ വകുപ്പുമന്ത്രിയായിരുന്ന കടകംപള്ളിയും സംശയനിഴലിലായത്.

ആദ്യഘട്ടത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി, ഉന്നത ദേവസ്വം ഉദ്യോഗസ്ഥനായ മുരാരി ബാബു തുടങ്ങിയവർ അറസ്റ്റിലായതോടെ ഇത് അവരിൽ അവസാനിക്കുമെന്നായിരുന്നു ജനം കരുതിയിരുന്നത്. എന്നാൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം ഘട്ടം ഘട്ടമായി ഓരോരുത്തരുടെ മുന്നിലേക്ക് എത്തുകയാണ്. വളരെ വ്യക്തതയോടെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ശബരിമലയിലെ സ്വർണം മോഷ്ടിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആവർത്തിക്കുകയാണ് സി പി ഐ എം നേതൃത്വം. മുൻ ദേവസ്വം അധ്യക്ഷൻ എ പത്മകുമാറിനെ തള്ളാൻ പാർട്ടി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കേറ്റ കടുത്ത പ്രഹരമാണ് എ പത്മകുമാറിന്റെയും എൻ വാസുവിന്റേയും അറസ്റ്റ്.

Be the first to comment

Leave a Reply

Your email address will not be published.


*