അധികം ചിരിക്കല്ലേ .. അമിത ചിരി ഒളിഞ്ഞിരിക്കുന്ന രോഗങ്ങളുടെ ലക്ഷണങ്ങളാകാം

ചിരിച്ച് ചിരിച്ച് ഒരു വഴിയായെന്ന് ചിലർ പറയാറില്ലേ… ചിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മനസ്സിന് അത്രമേൽ സന്തോഷമുണ്ടാകുമ്പോഴാണ് നമ്മൾ ചിരിക്കാറുള്ളത്. ചിരി എന്നത് ഒരു പോസിറ്റീവ് വികാരമാണ്. സാമൂഹികബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും മാനസികാരോഗ്യം വർധിപ്പിക്കുന്നതിനും ചിരി ഏറെ ഗുണം ചെയ്യും.

ചിരി ആയുസ്സ് വർധിപ്പികുമെന്ന് നമ്മൾ കേട്ടിട്ടുണ്ട് പക്ഷേ അതേ ചിരി തന്നെ നമ്മുടെ ആയുസ്സിന് പ്രശ്നമായി മാറിയാലോ? അധികം ചിരിക്കുന്നത് അത്ര നല്ലതല്ല എന്നാണ് അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ പറയുന്നത്. അനിയന്ത്രിതമായ ചിരി തലച്ചോറ്, ഹൃദയം, മാനസികാരോഗ്യം എന്നിവയുടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെയാകാം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. അനുചിതമായ സാഹചര്യങ്ങളിൽ അസാധാരണമായതോ നിയന്ത്രിക്കാനാവാത്തതോ ആയ ചിരി , പ്രത്യേകിച്ച് വികാരങ്ങൾ ഒന്നും തോന്നാത്ത ചിരി, ഇങ്ങനെയുള്ള ചിരികൾ അൽപ്പം കുഴപ്പമാണ്. ഇതിനോടൊപ്പം ബോധക്ഷയം, പേശികളുടെ ബലക്കുറവ് , പെട്ടെന്നുണ്ടാകുന്ന ആശയക്കുഴപ്പം എന്നിവയും ഉണ്ടാവുകയാണെങ്കിൽ ഇത് നാഡീ ഹൃദയ സംബന്ധ രോഗങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ചിരികൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന രോഗങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാം

ജെലാസ്റ്റിക് സീഷർ

അപസ്മാരത്തിന്റെ വേറൊരു വകഭേദമാണ് ജെലാസ്റ്റിക് സീഷർ. വ്യക്തിയുടെ യഥാർത്ഥ വികാരങ്ങളെ പുറത്തുകാട്ടാതെയുള്ള പെട്ടെന്നുള്ള ചിരിയാണ് ഈ അപസ്മാരത്തിന്റെ സവിശേഷത. സന്തോഷം കൊണ്ടാകില്ല ഇവർ ചിരിക്കുന്നത്. നിയന്ത്രിക്കാനാകാത്ത ഈ ചിരി ഏതാനം നിമിഷങ്ങൾ മാത്രമാകും നിലനിൽക്കുക. ഹൈപ്പോതലാമിക് ഹാർമറ്റോമ എന്ന മസ്തിഷ്കത്തിനുണ്ടാകുന്ന ട്യൂമറാണ് ഈ അവസ്ഥയ്ക്ക് കാരണം.

ലാഫ്റ്റർ ഇൻഡ്യൂസ്ഡ് സിൻകോപ്

ചിരി നിയന്ത്രിക്കാൻ സാധിക്കാതെ വരികയും മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞ് ബോധക്ഷയം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ലാഫ്റ്റർ ഇൻഡ്യൂസ്ഡ് സിൻകോപ്. നാഡീസംബന്ധ തകരാറുള്ളവരിലും ,ഹൃദയസംബന്ധ രോഗമുള്ളവരിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ബോധക്ഷയം ഉണ്ടാകുന്നതിന് മുൻപ് അമിതക്ഷീണം അനുഭവപ്പെടുകയും ഒരു മിനിറ്റോളം രോഗിക്ക് ബോധം നഷ്ടപ്പെടുകയും ചെയ്യും. ഈ ചുരുങ്ങിയ സമയത്തിന് ശേഷം വ്യക്തി പൂർവ്വസ്ഥിതിയിലേക്ക് മടങ്ങി വരും.

പാത്തോളജിക്കൽ ലാഫ്റ്റർ

പലപ്പോഴും നമ്മുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനെ നിയന്ത്രിക്കുന്നത് തലച്ചോർ ആണ്. ഉദാഹരണത്തിന് മുറിവിനാൽ ഉണ്ടാകുന്ന വേദന നമ്മൾ പ്രകടിപ്പിക്കുന്നത് കരച്ചിൽ എന്ന വികാരത്തിലൂടെയാണ് എന്നാൽ കരച്ചിലിന് പകരം ചിരിയാണ് അനുഭവപ്പെടുന്നതെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്. തലച്ചോറിന് ഈ വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കാതെ വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇതിനെയാണ് പാത്തോളജിക്കൽ ലാഫ്റ്റർ എന്ന് പറയുന്നത്. ഈ ചിരി ഒരിക്കലും സന്ദർഭോചിതമായിരിക്കില്ല. സ്ട്രോക്ക്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ALS, ബ്രെയിൻ ട്യൂമറുകൾ എന്നിവയാണ് ഈ അവസ്ഥയ്ക്ക് കാരണം.

നാര്‍കോലെപ്‌സി

അതിവേഗം ഉറങ്ങി പോകുന്ന അവസ്ഥയാണ് നാര്‍കോലെപ്‌സി. ഉദാഹരണത്തിന് നമ്മളോട് ചിലർ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ ഉറങ്ങിപോകാറില്ലേ, അല്ലെങ്കിൽ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ തന്നെ വേഗത്തിൽ ഉറങ്ങി പോകുന്നതെല്ലാം ഈ രോഗത്തിന്റെ ലക്ഷണമാണ്. ഇക്കൂട്ടർക്ക് രാവിലെ എഴുനേൽക്കുന്നതിനും രാത്രിയിൽ ഉറങ്ങുന്നതിനും ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ഉറക്കത്തിനെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഇവർക്ക് ഉണ്ടാകും. ഞരമ്പുകൾക്കുണ്ടാകുന്ന തകരാറാണ് രോഗത്തിന് കാരണം. പാരമ്പര്യവും ഇതിന് കരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ഏഞ്ചൽമാൻ സിൻഡ്രോം

കുട്ടികളിലാണ് ഇത് കൂടുതലായി കണ്ട് വരുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ജനിതക വൈകല്യമാണ് ഏഞ്ചൽമാൻ സിൻഡ്രോം. കുട്ടികളിലെ വളർച്ച വികാസത്തെയാണ് ഇത് ബാധിക്കുന്നത്. സംസാരം ,ബുദ്ധിപരമായ വൈകല്യം, അപസ്മാരം , ചലിക്കാനുള്ള ബുദ്ധിമുട്ട് , ഉറക്കക്കുറവ് എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ചിരികൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ അറിയാതെ പോകരുത്. പലപ്പോഴും രോഗലക്ഷണങ്ങളായി മാറുന്ന ചിരികൾ തിരിച്ചറിയണമെന്നും നമ്മുടെ നല്ല ചിരികൾ നിലനിർത്താനായി അതിവേഗ രോഗനിർണയം ഏറ്റവും ഗുണം ചെയ്യുമെന്നും ഡോ. സുധീർ കുമാർ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*