‘അയ്യപ്പനെ സംരക്ഷിക്കുന്ന സർക്കാരാണിത്, ഞങ്ങളാണ് അന്വേഷണത്തിന് മുൻകൈ എടുത്തത്’; പത്മകുമാറിന്റെ അറസ്റ്റിൽ കെ കെ ശൈലജ

തദ്ദേശതെരഞ്ഞെടുപ്പിൽ പാർട്ടി തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുൻ മന്ത്രി കെ കെ ശൈലജ. കൂടുതൽ പഞ്ചായത്തുകളിൽ ജയിക്കുമെന്നാണ് പ്രതീക്ഷ. എൽഡിഎഫ് സർക്കാർ കേരളം അതിദരിദ്ര മുക്തമാക്കി. ഇനിയും ഭരണം തുടർന്നാൽ ദാരിദ്ര്യവുമില്ലാതാക്കാനാകും. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാകുമെന്നും കെ കെ ശൈലജ പറഞ്ഞു.

പത്മകുമാറിന്റെ അറസ്റ്റിൽ പാർട്ടി സെക്രട്ടറി പറഞ്ഞതെ പറയാനുള്ളൂ. പാർട്ടി അന്വേഷണത്തെ തടസ്സപ്പെടുത്തില്ല. ഇടതുപക്ഷം ശബരിമലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നവർ. പദ്മകുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ പാർട്ടി നിഷേധിക്കില്ലെന്നും ശൈലജ പറഞ്ഞു. ഇപ്പോഴേ മുൻധാരണ വയ്ക്കേണ്ട ആവശ്യമില്ല. ഞങ്ങളാണ് അന്വേഷണത്തിന് മുൻകൈ എടുത്തത്. അയ്യപ്പനെ സംരക്ഷിക്കുന്ന സർക്കാരാണിതെന്നും ശൈലജ കൂട്ടിച്ചേർത്തു.

സിപിഐഎം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നും അയ്യപ്പന്റെ ഒരു തരി നഷ്ടമാകരുത് എന്ന് തന്നെയാണ് നിലപാടെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. നിയമസഭയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. യുഡിഎഫ് അന്വേഷണവുമായി സഹകരിച്ചില്ല. അന്വേഷണം സിബിഐക്ക് വിടണം എന്ന വാദം ഉന്നയിച്ചു. അന്വേഷണം ആരംഭിച്ച ഘട്ടത്തിലും ആദ്യ അറസ്റ്റുകളുടെ കാലത്തും രാഷ്ട്രീയ നിലപാട് സിപിഎമ്മിനില്ല.

രാഷ്ട്രീയ കാഴ്ചപ്പാട് മുൻനിർത്തിയല്ല അറസ്റ്റിൽ സിപിഎം നിലപാട് സ്വീകരിക്കുന്നത്. ഹൈക്കോടതി മേൽനോട്ടത്തിലെ അന്വേഷണത്തെ പൂർണ്ണമായും പിന്തുണച്ചിട്ടുണ്ട്. ആദ്യം അറസ്റ്റിലായവരുടെ കോൺഗ്രസ് ബന്ധം അടക്കം പുറത്ത് വന്നിരുന്നു. കുറ്റവാളികൾക്ക് ശിക്ഷ വേണം എന്ന് തന്നെ ആണ് നിലപാട്. കുറ്റം ചെയ്ത ആർക്കും സംരക്ഷണമില്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*