ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി. കേസിൽ ദേവസ്വം ബോർഡ് മുൻ അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കെപി ശങ്കർദാസ്, എൻ വിജയകുമാർ എന്നിവരെയാണ് നോട്ടീസ് നൽകി വിളിപ്പിക്കുക. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും അധികം വൈകാതെ ചോദ്യം ചെയ്തേക്കും.
ഇന്നലെ ഉച്ചയോടുകൂടിയാണ് പത്മകുമാറിന്റെ വീട്ടിൽ റെയ്ഡ് ആരംഭിച്ചത്. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്ക് ശേഷമാണ് രേഖകൾ എസ്ഐടി പിടിച്ചെടുത്തത്. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഉൾപ്പെടെയാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. എ പത്മകുമാറിന്റെ മൊഴിയിൽ ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഉൾപ്പെടുന്നുണ്ട്. അതിനാൽ അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം.
പത്മകുമാർ കൂട്ടുപ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ട്. സ്വർണ്ണപ്പാളിയ്ക്ക് പകരം ചെമ്പ് പാളിയെന്ന് ദേവസ്വം മിനുറ്റ്സിൽ സ്വന്തം കൈപ്പടയിൽ കുറിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇത് വരെയുള്ള അന്വേഷണത്തിൽ സ്വർണ്ണക്കൊള്ളയുടെ മുഖ്യസൂത്രധാരൻ എ.പത്മകുമാർ എന്ന വിലയിരുത്തലിലാണ് എസ്ഐടി അറസ്റ്റിലേക്ക് കടന്നത്. റിമാൻഡ് റിപ്പോർട്ടിൽ പത്മകുമാർ നടത്തിയ ഇടപെടലുകളെ കുറിച്ച് വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം വിട്ടു നൽകുന്നതിൽ തീരുമാനമെടുക്കുന്ന ദേവസ്വം യോഗത്തിനു മുൻപ് , സ്വന്തം കൈപ്പടയിൽ സ്വർണ്ണപ്പാളി ചെമ്പു പാളിയെന്ന് പത്മകുമാർ എഴുതി ചേർത്തു. ദേവസ്വം യോഗത്തിൽ സ്വർണ്ണപ്പാളി കൈമാറുന്നത് വിശദീകരിച്ചതും പത്മകുമാറാണ്. ഡിസംബർ മൂന്നിനാണ് ഇനി അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക.



Be the first to comment