സോഷ്യൽ മീഡിയ വഴി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച പ്രതികളെ പിടികൂടി തിരുവനന്തപുരം സൈബര്‍ പോലീസ്

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച പ്രതികളെ പിടികൂടി പോലീസ്. കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ വ്യാജ വീഡിയോ പ്രതികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചത്.

സൈബർ പട്രോളിങ് പ്രവർത്തനങ്ങൾക്കിടെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് ആണ് വ്യാജ വീഡിയോ കണ്ടെത്തിയത്. തുടർന്ന് പ്രതികൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്‌തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോ എക്‌സിൽ നിന്നാണ് കണ്ടെത്തിയത്. വ്യാജ പോസ്റ്റിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ വ്യാജ ഫോട്ടോയും എഡിറ്റ് ചെയ്‌ത വീഡിയോയും അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതേ വീഡിയോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളുടേയും കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിൻ്റേയും (SIR) പശ്ചാത്തലത്തിൽ, വ്യാജ വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ ഉള്ളടക്കവും പ്രചരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സൈബർ പട്രോളിങ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഭാരതീയ ന്യായ സംഹിത സെക്ഷൻ 197(1)(d) (തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പ്രസ്താവനകൾ പ്രസിദ്ധീകരിക്കുകയോ നടത്തുകയോ ചെയ്യുക), 340(1) (വ്യാജ രേഖ അല്ലെങ്കിൽ ഇലക്ട്രോണിക് രേഖ), 340(2) (വ്യാജ രേഖ അല്ലെങ്കിൽ ഇലക്ട്രോണിക് രേഖ വ്യാജമായി ഉപയോഗിക്കുക), ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 66C (ഐഡൻ്റിറ്റി മോഷണം) എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

വ്യാജ വീഡിയോകൾക്ക് നിയന്ത്രണം

ഈ അടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ എഐ ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങൾ, സ്‌ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, മൃഗങ്ങൾക്കെതിരായ അക്രമം പ്രചരിപ്പിക്കുന്നത് തുടങ്ങിയവയെല്ലാം പൂർണമായി വിലക്കുന്നതായി അറിയിച്ചിരുന്നു.

ഒരാളുടെ രൂപം, ശബ്‌ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റിയും അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതും പൂര്‍ണമായി നിരോധിക്കുന്നതായും പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടുന്നു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്‌താല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണം.

കൂടാതെ അവയുടെ സൃഷ്‌ടിക്ക് ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വേണം. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതാത് പ്ലാറ്റ്‌ഫോമുകളിൽ റിപ്പോര്‍ട്ട് ചെയ്യണം. എഐ ഉപയോഗിച്ച് നിര്‍മ്മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്‌ടിക്കപ്പെട്ട തീയതി, നിര്‍മ്മാതാവിൻ്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*