വർക്ക്ഔട്ട് ചെയ്യുമ്പോൾ നാവിന്റെ സ്ഥാനം എങ്ങനെയാണെന്ന് ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ? പ്രത്യേകിച്ച് വെയ്റ്റ് ലിഫ്റ്റ് ചെയ്യുമ്പോൾ. വ്യായാമം ചെയ്യുമ്പോൾ നാവിന്റെ സ്ഥാനം പ്രധാനമാണെന്നും ഇത് ശരീരത്തിന്റെ ബയോമെക്കാനിക്സിനെയും പ്രവർത്തന കാര്യക്ഷമതയെയും സ്വാധീനിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വായിൽ കിടക്കുന്ന നാവ് സംസാരിക്കാൻ സഹായിക്കുന്ന ഒന്നു മാത്രമാണെന്നാണ് മിക്കയാളുകളുടെയും ധാരണ. എന്നാൽ സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനും സഹായിക്കുക മാത്രമല്ല, നാവിന് മറ്റ് പല പ്രധാനപ്പെട്ട ജോലികളും ശരീരത്തിലുണ്ട്.
നമ്മുടെ തല, കഴുത്ത്, കോർ പേശികൾ എന്നിവയെ സ്ഥിരപ്പെടുത്തുന്നതിൽ നാവ് ഒരു പങ്കു വഹിക്കുന്നുണ്ട്. 2024ൽ റിസർച്ച് ഗേറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഐസോകൈനറ്റിക് വ്യായാമത്തിൽ കാൽമുട്ടുകൾ വളയുകയും നീട്ടുകയും ചെയ്യുമ്പോൾ ശരിയായ നാവിന്റെ സ്ഥാനം സ്ട്രെങ്ത്തനിങ് പരിശീലനം 30 ശതമാനം ഫലപ്രദമായതായി വ്യക്തമാക്കുന്നു.
നാവ് സ്വാഭാവികമായി വായയുടെ റൂഫിൽ വിശ്രമിക്കുമ്പോൾ, അത് ശതിയായ ക്രാനിയോഫേഷ്യൽ അലൈൻമെന്റ് നിലനിർത്താൻ സഹായിക്കുകയും ഒപ്റ്റിമൽ പോസ്ചറിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ വായുടെ തറയിൽ നാവ് വിശ്രമിക്കുന്നത് നാവിന്റെ മോശം സ്ഥാനമായി കണക്കാക്കുന്നു. ഇത് തല മുന്നോട്ട് ആയാനും കഴുത്തിലെ പേശികൾക്ക് സമ്മർദം ഉണ്ടാകാനും കാരണമാകുന്നു. ശാരീരിക പ്രവർത്തനങ്ങളിൽ പരമാവധി സ്ട്രെങ്ത്ത് കിട്ടാനുള്ള ശരീരത്തിന്റെ കഴിവിനെ ഈ അസന്തുലിതാവസ്ഥ ബാധിക്കും. നാവിന്റെ സ്ഥാനവും കേന്ദ്ര നാഡീവ്യൂഹവും തമ്മിലുള്ള ബന്ധമാണ് ഇതിന് കാരണമെന്ന് ഗവേഷകർ പറയുന്നുണ്ടെങ്കിലും ഈ തിയറി സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
വ്യായാമം ചെയ്യുമ്പോൾ നാവിന്റെ സ്ഥാനം ശ്വസനരീതികളെ സ്വാധീനിക്കുന്നു. നാവ് വായയുടെ റൂഫിൽ തട്ടി നിൽക്കുന്നത് മൂക്കിലൂടെയുള്ള ശ്വസനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് മികച്ച ഓക്സിജൻ ആഗിരണത്തിനും മെച്ചപ്പെട്ട സഹിഷ്ണുതയ്ക്കും പേശികളുടെ പ്രകടനത്തിനും സഹായിക്കുന്നു. നേരേമറിച്ച് വായിലൂടെ ശ്വസിക്കുന്നത് പലപ്പോഴും നാവിന്റെ മോശം സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് ഓക്സിജൻ സഞ്ചാരത്തിന്റെ കാര്യക്ഷമത കുറയ്ക്കുകയും അത്ലറ്റിക് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. നാവിന്റെ പോസ്ചർ ശരിയാകുന്നത് നല്ല ശ്വസന ശീലങ്ങൾക്കൊപ്പം ശരീരം ബലമുള്ളതും സ്ഥിരതയുള്ളതുമാകാൻ സഹായിക്കും.



Be the first to comment