ചിക്കൻ എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം?

ചിക്കൻ വിഭവങ്ങൾ ഇന്ന് മിക്ക വീടുകളിലും പതിവാണ്. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ചിക്കനെങ്കിലും ബാക്ടീരിയ പിടിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അവ ശരിയായ രീതിയിൽ പാകം ചെയ്യുകയും സൂക്ഷിക്കുകയും വേണം. ഇല്ലെങ്കിൽ ഭക്ഷ്യവിഷബാധയിലേക്ക് നയിക്കാം.

പാകം ചെയ്തതാണെങ്കിലും അല്ലാത്തതാണെങ്കിലും ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും മികച്ച മാർ​ഗം, എന്നാൽ എത്ര ദിവസമെന്നത് പലരുടെയും സംശയമാണ്. വേവിക്കാത്ത അല്ലെങ്കിൽ പാകം ചെയ്യാത്ത ചിക്കൻ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. അതേസമയം പാകം ചെയ്ത ചിക്കൻ മൂന്ന് മുതൽ നാല് ദിവസവും വരെ സൂക്ഷിക്കാം.

താപനിലയിൽ 40°F (4°C) ന് താഴെയാണെങ്കിൽ ബാക്ടീരിയ വളരുന്നത് മന്ദഗതിയിലാകും. ഫ്രിഡ്ജിൽ ചിക്കൻ സൂക്ഷിക്കുന്നത് ബാക്ടീരിയകളുടെ വളർച്ച മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. രണ്ടിൽ കൂടുതൽ ദിവസം ചിക്കൻ സൂക്ഷിക്കണമെന്നുണ്ടെങ്കിൽ അവ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ലീക് ചെയ്യാത്ത പാത്രത്തിൽ വൃത്തിയായി സൂക്ഷിക്കുന്നത് ഫ്രിഡ്ജിലെ മറ്റ് ഭക്ഷ്യവസ്തുകൾ മോശമാക്കാതിരിക്കാൻ സഹായിക്കും.

ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ മൈനസ് 17 ഡിഗ്രി സെൽഷ്യസിൽ വേണം ചിക്കൻ വയ്ക്കാൻ. അതും കഷ്ണങ്ങളാക്കിയ ചിക്കൻ ഒമ്പത് മാസം വരെയും കഷ്ണങ്ങളാക്കാത്ത ചിക്കൻ ഒരു വർഷം വരെയും ഫ്രീസറിൽ സൂക്ഷിക്കാം. പാകം ചെയ്ത ചിക്കനാണെങ്കിൽ രണ്ട് മുതൽ ആറ് മാസം വരെ ഇത്തരത്തിൽ സൂക്ഷിക്കാവുന്നതാണ്.

ഫ്രിഡ്ജിലെ ചിക്കൻ മോശമായാൽ എങ്ങനെ തിരിച്ചറിയാം

ഫ്രിഡ്ജിൽ വയ്ക്കുന്ന ചിക്കൻ മോശമായിട്ടുണ്ടെങ്കിൽ അതിന് നിറ വ്യത്യാസമുണ്ടായിരിക്കും. ചിക്കന്റെ തനത് നിറം മാറി ഗ്രേ, പച്ച, മഞ്ഞ എന്നീ നിറങ്ങൾ വന്നേക്കാം. പൂപ്പൽ വരാനും സാധ്യതയുണ്ട്. മാത്രമല്ല, അമോണിയയോട് സാമ്യമുള്ള ഒരു അസിഡിറ്റി ഗന്ധം പുറപ്പെടുവിക്കുന്നു. ചിക്കൻ സോസുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഈ ഗന്ധം തിരിച്ചറിയുക പ്രയാസമായിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*