തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയലുമായി സംസാരിച്ചതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്. ജഷീറിന് പറയാനുള്ളതെല്ലാം കേട്ടു. പ്രശ്‌നങ്ങള്‍ രമ്യയമായി പരിഹരിക്കും. നിലവില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമല്ലെന്നും ജനീഷ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയിലും ജനീഷ് പ്രതികരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി വഴി മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തും എന്ന് ജനീഷ് പറഞ്ഞു. ശബരിമല വിഷയത്തില്‍ അടക്കം സംസ്ഥാന സര്‍ക്കാരിനെതിരെ ജനകീയ വിചാരണയാണ് നടക്കുന്നതെന്നും ജനീഷ് വ്യക്തമാക്കി.
വയനാട് കോണ്‍ഗ്രസിലെ സീറ്റുതര്‍ക്കങ്ങളില്‍ ഉടക്കിയായിരുന്നു ജഷീര്‍ വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചത്. തോമാട്ടുചാലില്‍ മത്സരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ജഷീര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ ജഷീറിന്റെ പേരുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വിമതനായി മത്സരിക്കാന്‍ ജഷീര്‍ തീരുമാനിച്ചത്. തോമാട്ടുചാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കാണ് ജഷീര്‍ വിമതനായി മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രികയും സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടി തിരുത്തണമെന്നും പാര്‍ട്ടി ചിഹ്നത്തിലല്ലാതെ മത്സരിക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും ജഷീര്‍ പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് കാതോര്‍ക്ക് ഡിസിസി ഓഫീസിന് മുന്നില്‍ പാതിരാത്രിവരെ കാത്തുനിന്നു. സീറ്റ് കിട്ടില്ലെന്ന് താന്‍ അറിയുന്നതിന് മുന്‍പേ തന്നെ സിപിഐഎം ഘടകകക്ഷികള്‍ തന്നെ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടിരുന്നുവെന്നും ജഷീര്‍ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ജഷീറിനെതിരെ വ്യാപക സൈബര്‍ ആക്രമണമുണ്ടായിരുന്നു. പാര്‍ട്ടിക്കെതിരെ മത്സരിക്കാനുള്ള ജഷീറിന്റെ തീരുമാനത്തെ വിമര്‍ശിച്ചാണ് പലരും രംഗത്തെത്തിയത്. ഇതോടെ ജഷീറിനെ പിന്തുണച്ച് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദ് അലി രംഗത്തെത്തിയിരുന്നു. ജഷീര്‍ അര്‍ഹനാണെന്നും ആഗ്രഹിച്ചതിനുവേണ്ടി പൊരുതാന്‍ ജഷീറിന് അവകാശമുണ്ടെന്നുമായിരുന്നു നൗഷാദ് അലിയുടെ പ്രതികരണം. എല്ലാ ന്യായങ്ങളും എപ്പോഴും നടക്കണമെന്നില്ല. സ്ഥാനാര്‍ത്ഥിത്വം കിട്ടിയില്ലെങ്കില്‍ അയാള്‍ പത്രിക പിന്‍വലിച്ചോളും. അയാളെ സൈബര്‍ സദാചാര വിചാരണ നടത്തുന്നവര്‍ ഒരു പൊടിക്ക് അടങ്ങണമെന്നും നൗഷാദ് അലി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.



Be the first to comment