കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാന കേസ് അന്വേഷണത്തിൽ ലോക്കൽ പോലീസിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലുൾപ്പെടെ അന്വേഷണസംഘം വീഴ്ച വരുത്തിയെന്നാണ് നർക്കോട്ടിക് എ സി പി, ഉത്തരമേഖലാ ഐജിക്ക് നൽകിയറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നടക്കാവ് സ്റ്റേഷനിലെ നാലു പോലീസുകാർക്കെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്.
മാമിയുടെ തിരോധാന കേസ് ആദ്യമന്വേഷിച്ചത് നടക്കാവ് പോലീസായിരുന്നു. ഈ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലും പ്രാഥമിക തെളിവു ശേഖരണത്തിലും വീഴ്ചയുണ്ടായെന്നായിരുന്നു ക്രൈം ബ്രാഞ്ച് എഡിജിപിയുടെ കണ്ടെത്തൽ . ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഐ ജി രാജ്പാൽ മീണ വകുപ്പ് തല അന്വേഷണത്തിന് നിർദേശം നൽകിയത്.
കോഴിക്കോട് നാർക്കോട്ടിക് എസിപിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നടക്കാവ് മുൻ എസ് എച്ച് ഓ പി കെ ജിജീഷ്,എസ് ഐ ബിനു മോഹൻ,സീനിയർ സി പി ഓമാരായ കെ കെ ബിജു, ശ്രീകാന്ത് എന്നിവർക്ക് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് അസിസ്റ്റൻറ് കമ്മീഷണർ ഐജിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. മാമിയെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ചയുണ്ടായി. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കുന്നതിലും പിഴവുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് തുടരന്വേഷണത്തിന് തിരിച്ചടി ആയെന്നും റിപ്പോർട്ടിലുണ്ട്.
ആരോപണ വിധേയരായ 4 പേരുടെ വിശദീകരണം പരിശോധിച്ചശേഷമാകും തുടർ നടപടി. പ്രാഥമിക അന്വേഷണത്തിൽ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് മാമിയുടെ കുടുംബവും നേരത്ത ആരോപിച്ചിരുന്നു. 2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. ഒന്നരവർഷം പിന്നിട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.



Be the first to comment