നഗര മധ്യത്തിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യുവാക്കൾ വീടിനു മുൻപിൽ അടിപിടി കൂടുന്ന ദൃശ്യങ്ങളാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. കോട്ടയം നഗരസഭ മുൻ കൗൺസിലർ വി കെ അനിൽകുമാറിൻ്റെ മകൻ അഭിജിത്തും ആദർശ് എന്ന മറ്റൊരു യുവാവും തമ്മില്‍ ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ എത്തിയത്.
ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടക്കുന്നത്. അനിൽകുമാറിൻ്റെ വീടിന് മുൻപിൽ വച്ചാണ് ഇരുവരും തമ്മില്‍ സംഘർഷമുണ്ടായത്. ഇവരുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അർധരാത്രിയോടെ റോഡിൽ നിന്ന് തുടങ്ങിയ അടിപിടി വീടിനുള്ളിലേയ്ക്ക് എത്തുകയായിരുന്നു. ഇത് വീടിനുള്ളിൽ വച്ച് കണ്ട അഭിജിത്തിൻ്റെ മാതാപിതാക്കൾ സംഭവ സ്ഥലത്തേയ്ക്ക് ഓടി എത്തി.
തുടർന്ന് ഇരുവരെയും ഇവർ പിടിച്ചു മാറ്റാൻ ശ്രമിച്ചു. എന്നാൽ അവരെ എതിർത്ത് വീണ്ടും ഇരുവരും അടി ഉണ്ടാക്കുന്നതും പിടിച്ച് തള്ളുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡിലേക്ക് ഇറങ്ങി ചെന്ന് കയ്യാങ്കളി നീളുന്നതും ദൃശ്യങ്ങളിൽ കാണാം.
പിന്നീട് പുലർച്ചയോടെ ആദർശിനെ കൊല്ലപ്പെട്ട നിലയിൽ കോട്ടയത്ത് തന്നെ കണ്ടെത്തുകയായിരുന്നു. കുത്തേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാൽ യുവാവിന് കുത്തേറ്റത് എങ്ങനെയെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമല്ല.
കൗണ്‍സിലര്‍ വി കെ അനില്‍കുമാറിനെയും മകന് അഭിജിത്തിനെയും പോലീസ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. അഭിജിത്തും ആദർശും തമ്മിലുളള സാമ്പത്തിക പ്രശ്നമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച ആദർശിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്നു.



Be the first to comment