പിഎം ശ്രീ പദ്ധതിയുടെ കേന്ദ്ര സഹായം നിരസിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബെഞ്ചും ഡെസ്കും ഇല്ലാതിരിക്കുമ്പോള്‍ ആദര്‍ശവിശുദ്ധിയുടെ പേരില്‍ പണം വേണ്ടെന്ന് പറയുന്നത് മണ്ടത്തരമാണെന്നും തരൂര്‍ പറഞ്ഞു. ദൂബൈയില്‍ സംഘടിപ്പിച്ച ‘കേരള ഡയലോഗില്‍’ സംസാരിക്കുകയായിരുന്നു തരൂര്‍.’ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.
ഇത് നമ്മുടെ പണമാണ്, അത് സ്വീകരിക്കണം’ എന്ന് പറഞ്ഞ തരൂര്‍, പിഎം ശ്രീ പദ്ധതിയുടെ പേരെടുത്തു പറയാതെയാണ് വിമര്‍ശനം ഉന്നയിച്ചത്. കേരളം തകര്‍ന്നുനില്‍ക്കുമ്പോള്‍ വന്ന പദ്ധതി വേണ്ടെന്ന് പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ സ്കൂളുകള്‍ ചോര്‍ന്ന്, തകര്‍ന്നുവീഴാന്‍ നില്‍ക്കുകയാണ്. ബെഞ്ചും ഡെസ്കും ഇല്ലാതിരിക്കുമ്പോള്‍ ആദര്‍ശവിശുദ്ധിയുടെ പേരില്‍ പണം വേണ്ടെന്ന് പറയുന്നത് മണ്ടത്തരമാണ്. നികുതിദായകന്റെ പണമാണതെന്നും തരൂര്‍ പറഞ്ഞു.
ഭരണകക്ഷിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാം, പക്ഷെ അവര്‍ ഒരു പദ്ധതിയുമായി മുന്നോട്ടുന്നാല്‍ താന്‍ സഹകരിക്കും. അവര്‍ക്ക് ഭരിക്കാനുള്ള ജനവിധിയുണ്ട്. അവര്‍ പറയുന്നത് അനുസരിച്ചാലേ പണം തരൂ എന്ന് പറഞ്ഞാല്‍, ചര്‍ച്ച ചെയ്ത് എന്റെ ബോധ്യത്തിന് അനുസരിച്ചുള്ളത് നടപ്പാക്കുമെന്നും തരൂര്‍ പറഞ്ഞു. സകലരംഗവും രാഷ്ട്രീയവത്കരണിച്ചതാണ് കേരളത്തിന്റെ പ്രശ്നം. നിക്ഷേപകര്‍ ജീവനൊടുക്കുന്ന സംസ്ഥാനമാണ് കേരളം. നിക്ഷേപകരുടെ അവകാശം സംരക്ഷിക്കാനും, ഹര്‍ത്താലുകള്‍ തടയാനും നിയമങ്ങളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് തുടങ്ങാന്‍ കേരളത്തില്‍ ശരാശരി 236 ദിവസം വേണം. സര്‍ക്കാര്‍ നടപടിക്രമങ്ങളിലെ 75 ശതമാനവും എടുത്തു കളയേണ്ടതാണെന്നും ശശി തരൂര്‍ പറഞ്ഞു.
നിഷ്പക്ഷമായ ഒരു പോസ്റ്റിന്റെ പേരിലാണ് പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചു എന്ന് പറഞ്ഞ് തന്നെ ആക്രമിച്ചത്. പ്രകീര്‍ത്തിക്കുന്ന ഒരു വാക്ക് പോലും അതിലില്ല. ഇതാണ് നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയെന്നും തരൂര്‍ പറഞ്ഞു.



Be the first to comment