ശബരിമലയില്‍ അന്നദാനമായി കേരള സദ്യ നല്‍കാന്‍ തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സദ്യയുടെ ഭാഗമായി പപ്പടവും പായസവും അച്ചാറും നല്‍കുമെന്നും ജയകുമാര്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ജയകുമാര്‍.
‘അന്നദാനമായി പുലാവും സാമ്പാറും നല്‍കുന്ന വിചിത്രമായ മെനുവാണ് നിലനിന്നിരുന്നത്. ഉത്തരേന്ത്യക്കാര്‍ക്ക് ഇഷ്ടമായ പുലാവും ദക്ഷിണേന്ത്യക്കാര്‍ക്ക് ഇഷ്ടമായ സാമ്പാറും ചേര്‍ത്ത് ദേശീയഐക്യത്തിന്റെ പ്രതീകമായാണ് അങ്ങനെ നല്‍കിയിരുന്നത്. ഇത് ഭക്തജനങ്ങള്‍ക്ക് ഹിതകരമായിരുന്നില്ല. അതുമാറ്റി കേരള സദ്യ നല്‍കാന്‍ ഇന്ന് തീരുമാനിച്ചു. പപ്പടവും പായസവും ചേര്‍ത്ത് കൊടുക്കും. ഇത് ദേവസ്വം ബോര്‍ഡിന്റെ കാശല്ല. ഭക്തജനങ്ങള്‍ തീര്‍ഥാടകര്‍ക്കും അയ്യപ്പന്മാര്‍ക്കും അന്നദാനം നല്‍കാന്‍ ഏല്‍പ്പിച്ചിരിക്കുന്ന കാശാണിത്. ആ കാശ് ഏറ്റവും ഭംഗിയായി അന്നദാനം നല്‍കാന്‍ ഉപയോഗിക്കും. പമ്പാ സദ്യ അയ്യപ്പന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ളതാണ്. അത് നിന്നുപോയി. പണ്ട് ഒരുപാട് പേര്‍ സദ്യ കൊടുക്കുമായിരുന്നു. ഇപ്പോള്‍ നമ്മള്‍ തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അന്നദാനത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ ബാധ്യതയുണ്ട്. വെറൊരു ഓപ്ഷനുമില്ല. എത്രയും പെട്ടെന്ന് ഇത് നടപ്പാക്കാന്‍ കമ്മീഷണറോട് പറഞ്ഞിരിക്കുകയാണ്. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ നിലവില്‍ വരും. പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്തും’- കെ ജയകുമാര്‍ പറഞ്ഞു.
ശബരിമല മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സിരിജഗനുമായി സംസാരിച്ചു. അടുത്ത വര്‍ഷത്തെ സീസണിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങണമെങ്കില്‍ മാസ്റ്റര്‍പ്ലാനിലെ ഒരുപാട് പദ്ധതികള്‍ പ്രാവര്‍ത്തികമായെങ്കില്‍ മാത്രമേ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കൂ.മാസ്റ്റര്‍പ്ലാന്‍ ഒരു വഴിക്കും ദേവസ്വം ബോര്‍ഡ് മറ്റൊരു വഴിക്കും പോയിട്ട് കാര്യമില്ല. ഇത് ഒരുമിച്ചു പോകണം. ശബരിമല തീര്‍ഥാടനം മെച്ചപ്പെടുത്തുന്നതിന് സ്ഥിരമായ സൗകര്യങ്ങളാണ് മാസ്റ്റര്‍പ്ലാന്‍ വഴി ഉദ്ദേശിക്കുന്നത്. സമയബന്ധിമായി തീര്‍ക്കാന്‍ കഴിയണം. മാസ്റ്റര്‍പ്ലാനിലെ വിവിധ പദ്ധതികള്‍ എവിടെ നില്‍ക്കുന്നു എന്നത് വിലയിരുത്താന്‍ 18ന് യോഗം ചേരും. അടുത്ത വര്‍ഷത്തെ ശബരിമല സീസണിന്റെ തയ്യാറെടുപ്പുകള്‍ ഫെബ്രുവരിയില്‍ തന്നെ തുടങ്ങും. എങ്കില്‍ മാത്രമേ അടുത്ത സീസണില്‍ തീര്‍ഥാടന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയുള്ളൂവെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.



Be the first to comment