കൊച്ചി: ഭാരതാംബയ്ക്ക് അയിത്തം കല്‍പിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തിൻ്റെ മൂല്യശോഷണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. കൊളോണിയൽ ഭരണരീതിയാണ് ഭാരതാംബയെ തൊട്ടുകൂടാതാക്കുന്നത്. ഭാരതാംബയുടെ ചിത്രം വെച്ചതിന്റെ പേരിൽ ചിലർ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നു. ഭാരതാംബ ചിത്രം നോക്കി ആരാണീ സ്ത്രീ എന്ന് ചോദിക്കുന്നു. ഇത്തരം ചിന്തകള്‍ സാംസ്കാരിക അധഃപതനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ദേശീയ നിയമദിനാചരണത്തിന്റെ ഭാഗമായി ഹൈക്കോടതി ഓഡിറ്റോറിയത്തിൽ ഭാരതീയ അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച ഭരണഘടനയിലെ സാംസ്കാരിക ദേശീയത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ഗവർണർ. ഭാരതത്തിൽ എല്ലാവരും സഹോദരീ സഹോദരന്മാരാകുന്നത് ഭാരതമാതാവ് എന്ന ആശയത്തിൽ നിന്നാണ്. അതു മനസ്സിലാക്കാത്തവരാണ് പ്രതിഷേധവുമായി രംഗത്തു വരുന്നത്.
ഭാരതമാതാവിനെ ആഘോഷിക്കുന്നില്ലെങ്കിൽ മറ്റെന്താണ് ആഘോഷിക്കേണ്ടത് ?. ആളുകളുടെ ചിന്ത ഇത്രയും തരംതാഴ്ന്നോ? ഇത്തരം ചിന്തകൾ സാംസ്കാരിക അധഃപതനമാണ്. ബഹുസംസ്കാരം എന്നത് യൂറോപ്യൻ ആശയമാണ്. ഇവിടെ ഒരു സംസ്കാരമേയുള്ളൂ. അതിന് വിവിധ നിറങ്ങളുണ്ടാകാം. അത് മഴവില്ലിന്റെ നിറഭേദം പോലെയാണ്. മതത്തിൽ കേന്ദ്രീകരിക്കുമ്പോഴാണ് ഭിന്നതയുള്ളതായി തോന്നുന്നത്. ധർമ്മത്തിലാണ് വിശ്വസിക്കുന്നതെങ്കിൽ എല്ലാം ഒന്നാണ്.
കൊളോണിയൽ ചിന്തകളിൽ നിന്നും പുറത്തു വരണം. ഇംഗ്ലീഷ് പഠിക്കുന്നത് അല്ല പ്രശ്നം. മറിച്ച് ഇംഗ്ലീഷിൽ പഠിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നമെന്നും ഗവർണർ പറഞ്ഞു. ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ഭാരതീയ അഭിഭാഷക പരിഷത്തിന്റെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രവും വെച്ചിരുന്നു. സ്റ്റേജിൻ്റെ ഒരുവശത്താണ് ഭാരതാംബയുടെ ഫോട്ടോ സ്ഥാപിച്ചിരുന്നത്. ഭരണഘടനയിലെ സാംസ്കാരിക ദേശീയത എന്ന വിഷയത്തിൽ ചിത്രപ്രദർശനവും സംഘടിപ്പിച്ചിരുന്നു.
സംഭവത്തില്‍ ഡിവൈഎഫ്ഐ അഭിഭാഷക യൂണിറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു എന്നാരോപിച്ചാണ് പരാതി. ഭരണഘടനയോടും മതേതരത്വത്തോടുമുള്ള വെല്ലുവിളിയെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. ചീഫ് ജസ്റ്റിസിനും പരാതി നൽകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. നേരത്തെ കേരള സർവകലാശാല സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചത് വലിയ വിവാദമായിരുന്നു.



Be the first to comment