കേരളത്തിലെ എസ്‌ഐആറിന് സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കണം; ഹര്‍ജികള്‍ ഡിസംബര്‍ 2 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ ( എസ്‌ഐആര്‍ ) നടപടികള്‍ തടയാതെ സുപ്രീംകോടതി. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഡിസംബര്‍ രണ്ടിന് ( ചൊവ്വാഴ്ച ) പരിഗണിക്കാനായി മാറ്റി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

കേരളത്തിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിസംബര്‍ ഒന്നിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ നടപ്പാക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നം നേരിടുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

ജില്ലാ കലക്ടര്‍മാര്‍ അടക്കം എസ്‌ഐആര്‍ നടപടികളുമായി സഹകരിച്ചു മുന്നോട്ടു പോകുന്നുണ്ട്. തെരഞ്ഞെടുപ്പും എസ്‌ഐആറും ഒപ്പം വന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് അറിയിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ വാദം ഉന്നയിക്കാന്‍ അവകാശമില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കമ്മീഷന്‍ ഉന്നയിക്കുന്ന സാഹചര്യമല്ല കേരളത്തിലേതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളോട് കോടതി നിര്‍ദേശിച്ചത്. ഡിസംബര്‍ 9 ന് വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചപ്പോള്‍, ഡിസംബര്‍ നാലിന് നടപടികള്‍ അവസാനിക്കുന്നതിനാല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഡിസംബര്‍ 2 ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*