‘രണ്ട് കോര്‍പറേഷനുകളും നൂറോളം പഞ്ചായത്തുകളും ബിജെപി പിടിക്കും’, ജനങ്ങളുടെ മനോഭാവം മാറി: അനൂപ് ആന്റണി

കൊച്ചി:  തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയില്‍ പാർട്ടി നേതൃത്വം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ പ്രതികരണത്തിലാണ് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് ഏറെ മാറ്റം വന്നിട്ടുണ്ട്. വികസന വിഷയങ്ങള്‍ ഊന്നിക്കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബിജെപിയോടുള്ള മനോഭാവത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നും അനൂപ് ആന്റണി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 19 പഞ്ചായത്തുകളുടെയും രണ്ട് മുനിസിപ്പാലിറ്റികളിലും ബിജെപി ഭരണം നേടിയിരുന്നു. ഇത്തവണ പാര്‍ട്ടി വലിയ മുന്നേറ്റം നടത്തും. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളും നൂറുകണക്കിന് പഞ്ചായത്തുകളും നിരവധി മുനിസിപ്പാലിറ്റികളും എന്‍ഡിഎ ഭരിക്കും എന്നാണ് അനൂപിന്റെ പ്രതികരണം. പുതിയൊരു ഭരണസങ്കല്‍പ്പമാണ് എന്‍ഡിഎ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ അഴിമതി മുക്തമാക്കുന്നതിന് ഒപ്പം ഇതുവരെ അറിയപ്പെടാത്ത കേന്ദ്ര പദ്ധതികളുടെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വികസന സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ചുള്ള വിവങ്ങള്‍ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെയും ബന്ധപ്പെടുന്ന വികസന രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കും. അനൂപ് ആന്റണി പറയുന്നു.

ബിജെപിക്ക് ഭൂരിപക്ഷമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍, 45 ദിവസത്തിനുള്ളില്‍ പാര്‍ട്ടി ഒരു വികസന രൂപരേഖ അവതരിപ്പിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ വിശദാംശങ്ങള്‍ രേഖയില്‍ ഉണ്ടാകും. കേന്ദ്ര പദ്ധതികളുടെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ബിജെപി ഭരിച്ച പാലക്കാട്, പന്തളം നഗര സഭകളിലെ ഭരണസമിതികള്‍ ഉറപ്പാക്കി. ബിജെപി കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍, പാലക്കാടും പന്തളത്തും പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടായിരുന്നു.

പക്ഷേ ഭരണത്തെ ബാധിക്കാതെ അവ പരിഹരിച്ചു. സിസിടിവി നിരീക്ഷണത്തിലുള്ള കേരളത്തില്‍ ആദ്യത്തെ മുനിസിപ്പാലിറ്റിയാണ് പാലക്കാട് എന്നും അനൂപ് ആന്റണി പറയുന്നു.

സംസ്ഥാനത്ത് വിവിധ ജന വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയോട് ഉണ്ടായിരുന്ന സമീപനത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നും അനൂപ് ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യന്‍ സമൂഹത്തിന് ബിജെപിയോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഇത്തവണ ധാരാളം ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ ബിജെപിക്ക് വേണ്ടി മത്സര രംഗത്തുണ്ട്. ക്രിസ്ത്യന്‍ വോട്ടുകളിലെ മാറ്റം തീര്‍ച്ചയായും എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും. 19,871 വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളുണ്ട്. ഇത്തവണ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അനൂപ് പറയുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*