‘പുറത്താക്കിയ അന്നുമുതൽ രാഹുലിന്റെ കാര്യത്തിൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല; യുവതിയുടെ പരാതിയിൽ സർക്കാരിന് നിലപാട് എടുക്കാം’, കെ മുരളീധരൻ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിയ്ക്ക് ലൈംഗിക പീഡന പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. രാഹുൽ കോൺഗ്രസിന് പുറത്താണ് അതുകൊണ്ടുതന്നെ യുവതി നൽകിയ പരാതിക്കനുസരിച്ച് ഇനി സർക്കാരിന് നിലപാട് എടുക്കാമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടി സസ്‌പെൻഡ് ചെയ്ത ആൾക്കെതിരെ കൂടുതൽ നടപടികൾ എടുക്കണമെങ്കിൽ തുടർനടപടികൾ നോക്കി ബാക്കി കാര്യങ്ങൾ ചെയ്യും. എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്നത് തുടർനടപടികൾ നോക്കി പാർട്ടി തീരുമാനം എടുക്കും. പാർട്ടിയിൽ ഇതുവരെ ഒരു ആശയക്കുഴപ്പവുമില്ല. കെപിസിസിക്ക് അന്നും ഇന്നും ഒരേ സ്റ്റാൻഡ് ആണ്.പുറത്താക്കിയ അന്നുമുതൽ രാഹുലിന്റെ കാര്യത്തിൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല. പക്ഷെ കൂടുതൽ കാര്യങ്ങൾ പോലീസ് എടുക്കുമ്പോൾ സാഹചര്യങ്ങൾക്കനുസരിച്ച് പാർട്ടി നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പരാതിയ്ക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പ്രതികരണം നടത്തിയിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം.

ഏറെ നാളത്തെ ആരോപണങ്ങൾക്കിടെ ഇന്നാണ് വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകിയത്. നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.

Be the first to comment

Leave a Reply

Your email address will not be published.


*