‘രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തതാണ്; നിയമം നിയമത്തിൻ്റെ വഴിയ്ക്ക് പോകട്ടെ’, സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതിയിൽ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. യുവതിയുടെ പരാതി വന്ന സമയത്ത് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ എന്ന് സണ്ണി ജോസഫ് പറഞ്ഞു.

രാഹുലിനെതിരെ പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാൽ അന്വേഷണം എവിടെയും എത്തിയില്ല.തിരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ല. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ, ശബരിമലയിലെ സ്വർണക്കൊള്ള വിഷയം എന്നിവ ഇതുകൊണ്ട് മറച്ചുപിടിക്കാൻ ആർക്കും കഴിയില്ല. ഏറെ നാളായി രാഹുലിന്റെ വിഷയം മാധ്യമങ്ങളിലടക്കം ചർച്ചചെയ്യപ്പെട്ടതാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

അന്വേഷണത്തിനനുസരിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുടർനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും കെ മുരളീധരൻ വ്യക്തമാക്കി. പന്ത് സർക്കാരിന്റെ കോർട്ടിലാണ് സർക്കാർ ഉചിതമായ തീരുമാനമെടുക്കണം രാഹുൽ കോൺഗ്രസിന് പുറത്താണ് അതുകൊണ്ടുതന്നെ യുവതി നൽകിയ പരാതിക്കനുസരിച്ച് ഇനി സർക്കാരിന് നിലപാട് എടുക്കാമെന്ന് കെ മുരളീധരൻ പ്രതികരിച്ചു.

അതേസമയം, പരാതിയ്ക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പ്രതികരണം നടത്തിയിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം.

ഏറെ നാളത്തെ ആരോപണങ്ങൾക്കിടെ ഇന്നാണ് വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകിയത്. നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.

Be the first to comment

Leave a Reply

Your email address will not be published.


*