രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക്; മുൻകൂർ ജാമ്യാപേക്ഷ നൽകും

ലൈംഗിക പീഡന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. അഡ്വ. എസ് രാജീവ് മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കായി നീക്കം നടത്തുന്നത്.കേസിലെ എഫ്‌ഐആർ അടക്കമുള്ള കാര്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ നീക്കം. വൈകാതെ തന്നെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.

നേരത്തെ അഡ്വ. ജോർജ് പൂന്തോട്ടം വഴിയായിരുന്നു ജാമ്യാപേക്ഷയ്‌ക്കുള്ള നീക്കം നടത്തിയിരുന്നത് എന്നാൽ ക്രിമിനൽ കേസുകളിൽ കൂടുതൽ പരിചയസമ്പത്തുള്ള അഡ്വ. എസ് രാജീവിലേക്ക് വക്കാലത്ത് മാറ്റുകയായിരുന്നു.

അതേസമയം, ഗർഭിണിയായിരിക്കെയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യുവതിയെ പല തവണ പീഡിപ്പിച്ചുവെന്ന് എഫ്ഐആറിൽ ഗുരുതര കണ്ടെത്തൽ. നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പാലക്കാട് ഉൾപ്പടെ മൂന്നു സ്ഥലത്തു വെച്ച് പീഡിപ്പിച്ചുവെന്നും വലിയമല പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്ഐആറിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു,നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നിങ്ങനെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

മുഖ്യമന്ത്രിയെ കണ്ടു രണ്ടു മണിക്കൂർ തികയും മുൻപ് മൊഴിയെടുക്കൽ. അതിവേഗമായിരുന്നു പൊലീസ് നീക്കം. അഞ്ചു മണിക്കൂർ തിരുവനന്തപുരം റൂറൽ എസ്.പി മൊഴിയെടുത്ത ശേഷം വലിയമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത് പുലർച്ചെ 3.13നാണ് . അതിജീവിത അനുഭവിച്ച ക്രൂര പീഡനങ്ങൾ തീയതി ഉൾപ്പടെ വിവരിച്ചു വ്യക്തമായിട്ടാണ് പോലീസ് എഫ്‌ഐആർ തയ്യാറാക്കിയത്.

2025 മാർച്ച് നാലിന് തൃക്കണ്ണാപുരത്തെ അതിജീവിതയുടെ ഫ്ലാറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ ദേഹോപദ്രവമേല്പിച്ചുകൊണ്ട് ലൈംഗിക ബന്ധത്തിലേർപ്പെട്ടു. മാർച്ച് 17 നു ഭീഷണിപ്പെടുത്തി അതിജീവിതയുടെ നഗ്നദൃശ്യങ്ങൾ പകർത്തി. ബന്ധം പുറത്തു പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് തുടർച്ചയായ ഭീഷണി. അതിജീവിത ഗർഭിണിയാണെന്ന് അറിഞ്ഞും നിരന്തര പീഡനം തുടർന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രിൽ 22 -ാം തീയതി തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വെച്ചും, മെയ് അവസാനം പാലക്കാട്ടെ പ്രതിയുടെ വീട്ടിൽ വെച്ചും പല തവണ പീഡിപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെ കൂടാതെ സുഹൃത്തും അടൂർ സ്വദേശിയുമായ ജോബി ജോസഫും കേസിലെ പ്രതിയാണ്. 2025 മെയ് 30 നു തിരുവനന്തപുരം കൈമനത്തു വെച്ചു കാറിൽ കയറ്റി പെൺകുട്ടിക്ക് ഗർഭം അലസിപ്പിക്കാൻ ഗുളിക നൽകിയത് ജോബി ജോസഫെന്നാണ് എഫ്ഐആറിലെ കണ്ടെത്തൽ. രാഹുൽ മാങ്കൂട്ടത്തിൽ വീഡിയോ കോളിൽ ഗർഭഛിദ്രത്തിന് ഗുളിക കഴിക്കാൻ നിർബന്ധിച്ചുവെന്നും

എഫ്ഐആറിൽ പറയുന്നു. ബലാത്സംഗം,നിരന്തരം പീഡിപ്പിക്കൽ,ഉപദ്രവിച്ചു പീഡനം,അധികാരം ഉപയോഗിച്ച് പീഡിപ്പിക്കൽ,നിർബന്ധിച്ചു ഗർഭചിദ്രം,വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഗൗരവം കണക്കിലെടുത്ത് നേമം പൊലീസിന് കൈമാറിയ കേസ് പുതിയ പ്രത്യേക സംഘം അന്വേഷിക്കും. ഇതിനായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർദേശം നൽകിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ മറ്റു പെൺകുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നു അതിജീവിത പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*