ഡെങ്കിപ്പനിക്കെതിരായ ആദ്യത്തെ സിംഗിള്‍ ഡോസ് വാക്സിന് അംഗീകാരം, 91.6 ശതമാനം ഫലപ്രാപ്തി

ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യത്തെ സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകി ബ്രസീൽ. ബ്രസീലിയൻ ആരോഗ്യ നിയന്ത്രണ ഏജൻസിയായ ANVISAന് കീഴിലുള്ള സാവോ പോളോയിലെ ബുട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച Butantan-DV വാക്സിനാണ് അംഗീകാരം നൽകിയിരിക്കുന്നത്.

മൂന്ന് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകൾ ആവശ്യമുള്ള വാക്സിൻ TAK-003 ആണ് നിലവില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ബ്യൂട്ടന്റാൻ-ഡിവിയുടെ സിംഗിള്‍ ഡോസില്‍ രോഗത്തെ ഫലപ്രദമായി ചെറുക്കാന്‍ സഹായിക്കുമെന്ന് ബുട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എസ്പർ കല്ലാസ് പറഞ്ഞു.

16,000-ത്തിലധികം സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി എട്ട് വർഷത്തെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷമാണ് Butantan-DV സാധാരണക്കാരിലേക്ക് എത്തുന്നത്. പുതിയ വാക്സിൻ 91.6 ശതമാനം ഫലപ്രാപ്തി തെളിയിച്ചതായും ​ഗവേഷകർ കൂട്ടിചേർക്കുന്നു. 12 മുതൽ 59 വയസുവരെയുള്ളവർക്ക് വാക്സിൻ ഉപയോ​ഗിക്കാം.

ഈഡിസ് കൊതുകുകൾ പരത്തുന്നതും “ബ്രേക്ക്ബോൺ ഫിവര്‍” എന്നറിയപ്പെടുന്നതുമായ ഡെങ്കിപ്പനി 2024 ൽ ആഗോളതലത്തിൽ 1.46 കോടിയിലധികം ആളുകളെയാണ് ബാധിച്ചത്. ഏകദേശം 12,000 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

2026 അവസാനത്തോടെ പുതിയ വാക്സിന്‍ വിപണിയില്‍ എത്തിക്കുന്നതിന് ചൈനീസ് കമ്പനിയായ വുക്സി ബയോളജിക്സുമായി രാജ്യം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

എന്താണ് ഡെങ്കിപ്പനി

ഈഡിസ് ഈജിപ്റ്റെ കൊതുകളിൽ നിന്ന് പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. രോഗത്തിന്റെ തുടക്കത്തിൽ പ്ലേറ്റ്‌ലെറ്റുകൾ കുറയില്ലെങ്കിലും പതുക്കെ ഗണ്യമായ കുറവിലേക്ക് നയിക്കും. പനി, ഛർദ്ദി, തലവേദന, ചെവി വേദന, ശരീര വേദന, ശരീരത്തിൽ തിണർപ്പുകൾ, അതിസാരം എന്നിവയാണ് ഡെങ്കിപ്പനിയുടെ ആദ്യം ലക്ഷണങ്ങൾ. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമായി ഉണ്ടാവുകയും ചെയ്യും.

നിരന്തരമായ ഛർദ്ദി, വയർ വേദന, മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവം, ക്ഷീണം, ഭക്ഷണം കഴിക്കാത്ത അവസ്ഥ എന്നിവയെല്ലാം രോഗം തീവ്രമായതിന്റെ ലക്ഷണങ്ങളാണ്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ കാണിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*