തിരുവനന്തപുരം: കേശവദാസപുരം മനോരമ വധക്കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി ആദം അലിക്ക് ജീവപര്യന്തം തടവ്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. 90,000 രൂപ പിഴയും വിധിച്ചു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിന് പിന്നാലെ കോടതി മുറിയില്‍ നിന്ന് ഇറങ്ങിയോടിയെ പ്രതിയെ പൊലീസും അഭിഭാഷകരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. തൊട്ടടുത്ത വീട്ടില്‍ വീട്ടുജോലിക്കു വന്ന ആദം അലി വൃദ്ധയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലിട്ടെന്നാണ് കേസ്.
ശിക്ഷാ വിധി സംബന്ധിച്ച വാദം ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കാനിരിക്കെയാണ് പ്രതി കോടതിയില്‍ നിന്ന് ഇറങ്ങിയോടിയത്. കേസുമായി ബന്ധപ്പെട്ട് 2022ല്‍ പിടികൂടുമ്പോഴും പ്രതി ഇതുപോലെ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. അന്ന് 21 വയസ്സ് മാത്രമാണ് പ്രതിക്ക് ഉണ്ടായിരുന്നത്. മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
ആദം അലി ഒറ്റയ്ക്കാണ് മൃതദേഹം മനോരമയുടെ വീട്ടില്‍ നിന്ന് തൊട്ടടുത്ത പുരയിടത്തിലേക്ക് കൊണ്ടുപോയതും ഇവിടുത്തെ കിണറിലേക്ക് തള്ളിയിട്ടതും. മനോരമയെ വധിച്ച ശേഷം മൃതദേഹം ചുമന്ന് കൊണ്ടുവന്ന ആദം അലി, ആദ്യം അടുത്ത പുരയിടത്തിലേക്ക് ഇട്ടു. ഇവിടെ നിന്ന് കിണറ്റിന്‍കര വരെ മൃതദേഹം വലിച്ചുകൊണ്ടുപോയ ശേഷം, കാലില്‍ കല്ല് ചേര്‍ത്ത് വെച്ച് കെട്ടിയാണ് മൃതദേഹം കിണറ്റിലേക്ക് ഇട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് പ്രതി പിടിയിലായത്.
അയല്‍ വീട്ടില്‍ പണിക്കെത്തിയിരുന്ന ആദം അലി വെള്ളം കുടിക്കാനായി സ്ഥിരമായി പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. എന്നും കണ്ട് പരിചയമുള്ള ആളായതിനാല്‍ പ്രതിക്ക് പെട്ടെന്ന് മനോരമയുടെ വീട്ടിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞു. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. മനോരമയുടെ ആഭരണങ്ങള്‍ കാണാനില്ലായിരുന്നു. തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. കൊലപാതകത്തിന് ശേഷം കേരളം വിട്ട പ്രതിയെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ചെന്നൈ ആര്‍പിഎഫ് പിടികൂടുകയായിരുന്നു.



Be the first to comment